
പതിനഞ്ചു വയസ്സുള്ളപ്പോള്‍ അഭിനയലോകത്തേക്ക് പ്രവേശിച്ച് തെന്നിന്ത്യയില്‍ തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് തമന്ന ഭാട്ടിയ. മുംബൈക്കാരിയായ തമന്നയുടെ അഭിനയത്തിലെ അരങ്ങേറ്റം ബോളിവുഡിലായിരുന്നു. എന്നാല്‍ താരം തിളങ്ങിയത് തെന്നിന്ത്യയിലാണ്. തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറാന്‍ തമന്നയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര താരമായി നിറഞ്ഞുനിന്ന തമന്നയ്ക്ക് ഈ അടുത്തകാലത്തായാണ് ബോളിവുഡില്‍ നിന്നും മികച്ച അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയത്. പാൻ ഇന്ത്യൻ താരമായി അറിയപ്പെടുന്ന തമന്ന കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും തമന്ന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമകളും സീരീസുകളുമൊക്കെയായി അഭിനയ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് താരം. മികച്ച ഫാഷനിസ്റ്റ് കൂടിയായ താരം വസ്ത്രധാരണത്തിലും എപ്പോഴും തിളങ്ങി നില്‍ക്കാറുണ്ട്. ഇപ്പോഴിതാ വോഗ് ഫോഴ്സ് ഓഫ് ഫാഷൻ ഇന്ത്യ 2023 യില്‍ തിളങ്ങുന്ന ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുന്നത്. മെറ്റാലിക് ഗോള്‍ഡ് കോര്‍സെറ്റ് ടോപ്പും ബ്ലാക്ക് ഫിഗര്‍ ഹഗ്ഗിങ് സ്കര്‍ട്ടും ധരിച്ച താരത്തിന്റെ ഹോട്ട് ഗ്ലാമര്‍ ലുക്ക് തരംഗമാകുകയാണ്. ഓര്‍ണമെന്റ്സ് ഒന്നും ധരിക്കാതെ മിനിമല്‍ മേക്കപ്പും അഴിച്ചിട്ട തലമുടിയുമൊക്കെ താരത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്.
അഭിനയിക്കാന്‍ തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ് മലയാളത്തില്‍ എത്തിയ താരത്തിന്റെ ആദ്യ മലയാള ചിത്രം ജനപ്രിയ നായകനായ ദിലീപിനൊപ്പമുള്ള ‘ബാന്ദ്ര’യാണ്. ഓണ്‍ സ്ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ തമന്നയുടെ ഓഫ് സ്ക്രീന്‍ ജീവിതും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തമന്നയും നടന് വിജയ് വര്‍മയും തമ്മിലുള്ള പ്രണയം ഈയ്യടുത്താണ് ഇരുവരും തുറന്ന് പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. വോഗ് ഫോഴ്സ് ഓഫ് ഫാഷൻ ഇന്ത്യ 2023 യില്‍ വിജയ് വര്‍മ്മയും എത്തിയിരുന്നു. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. തമന്നയെ കൂടാതെ അതിഥി പട്ടികയിൽ ഖുഷി കപൂർ, ആനന്ദ് അഹൂജയ്ക്കൊപ്പം സോനം കപൂർ, കരിഷ്മ കപൂർ, മസാബ ഗുപ്ത, നതാഷ പൂനവല്ല, ഭൂമി പെഡ്നേക്കർ, ശോഭിത ധൂലിപാല തുടങ്ങിയ താരങ്ങൾ ഉണ്ടായിരുന്നു.






