
കൊച്ചി: ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരേ നടക്കുന്ന അന്വേഷണം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്കു കൈമാറി. മുദ്രവച്ച കവറിലാണ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. അന്വേഷണത്തില്‍ ജേക്കബ് തോമസ് അഴിമതി നടത്തിയെന്നതിനു മതിയായ തെളിവുകള്‍ ലഭിച്ചില്ലെന്നാണു സൂചന.
ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരും മറ്റും നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. കേസില്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിനു സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. തുടര്‍ന്നു അന്വേഷണം നടത്തി ജേക്കബ് തോമസിനെതിരേ തെളിവില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ട് ആദ്യം തയാറാക്കിയെങ്കിലും സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ മടക്കുകയായിരുന്നു. തുടര്‍ന്നു രേഖകളെല്ലാം പുനഃപരിശോധന നടത്തിയാണു വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനിടെ ചില രേഖകള്‍ കൂടി വിജിലന്‍സിനു ലഭിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണു അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ആഗസ്റ്റില്‍ സുപ്രീംകോടതി വിജിലന്‍സിനു നിര്‍ദേശം നല്‍കിയിരുന്നു.
ജേക്കബ് തോമസ് ഉള്‍പ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്താണു സുപ്രീം കോടതി അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. മൂന്നു സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഡിപ്പാര്‍ട്ട്മെന്റ് പര്‍ച്ചേസ് കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു ഡ്രഡ്ജര്‍ വാങ്ങിയത്. അതിനാല്‍ ജേക്കബ് തോമസിന്റെ പേരില്‍ മാത്രമെടുത്ത കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇടപാടുമായി ബന്ധപ്പെട്ട എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ ജേക്കബ് തോമസിനെതിരായ ഗൗരവമുള്ള തെളിവൊന്നും കണ്ടെത്താനായില്ല.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഡ്രഡ്ജര്‍ ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് ആരോപിച്ചു ജേക്കബ് തോമസിനെതിരേ 2019 ലാണു വിജിലന്‍സ് കേസെടുത്തത്. ഹോളണ്ടിലെ കമ്പനിയില്‍ നിന്നു ഡ്രഡ്ജര്‍ വാങ്ങിയതിന്റെ പല വസ്തുതകളും സര്‍ക്കാരില്‍ നിന്നു മറച്ചുവച്ചെന്നുും ടെന്‍ഡര്‍ നടപടികളില്‍ ജേക്കബ് തോമസിനു ഗുരുതരവീഴ്ച സംഭവിച്ചെന്നും അപ്പീലില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍, ഇതു തെളിയിക്കുന്ന തെളിവൊന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണു വിവരം.
അന്വേഷണം ജേക്കബ് തോമസിനെ പീഡിപ്പിക്കാനായി ഉപയോഗിക്കുകയാണെന്നു ജേക്കബ് തോമസിന്റെ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ടു ലഭിച്ച ശേഷം ഇക്കാര്യം പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണു സുപ്രീം കോടതി വ്യക്തമാക്കിയത്.
അതേസമയം, അഴിമതിക്കേസ് അന്വേഷണത്തില്‍ ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കേ ഉന്നതര്‍ക്കെതിരേ കേസ് എടുത്തതിലുള്ള പകപോക്കലാണു തനിക്കെതിരായ കേസെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു.






