
കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ മൃഗങ്ങളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്കാണ് വളരെ അധികം പ്രേക്ഷകസ്വീകാര്യത ലഭിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ മുംബൈയില്‍ നിന്ന് പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് നെറ്റീസണ്‍സിന്റെ കയ്യടി ഏറ്റുവാങ്ങിയിരിക്കുന്നത്. സംഭവം എന്താണന്നല്ലേ? കാണാതായ ഒരു ആറ് വയസ്സുകാരനെ അതിവിദഗ്ധമായി ഒരു പോലീസ് നായ കണ്ടെത്തിയിരിക്കുകയാണ്.
മുംബൈ പോലീസിന്റെ ഡോബര്മാന് ഇനത്തില്‍പ്പെട്ട നായയാണ് കുഞ്ഞിനെ കണ്ടെത്തിയതോടെ ആളുകളുടെ ഹീറോയായി മാറിയത്. മുംബൈ പോലീസിന്റെ ബോംബ് ഡിസ്പോസല്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്ക്വാഡിലേതാണ് നായ. അജ്ഞാതര്‍ തട്ടിക്കൊണ്ടുപ്പോയ ആറുവയസുകാരനെ വെറും 90 മിനിറ്റിനുള്ളില്‍ കണ്ടെത്തിയാണ് ലിയോ എന്ന നായ അഭിനന്ദനം വാങ്ങിക്കൂട്ടുന്നത്.
കഴിഞ്ഞ മാസം 23 ന് പവായിലെ അശോക് നഗര്‍ ചേരിയിലായിരുന്നു സംഭവം. വീടിന് സമീപത്ത് കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു കുട്ടി. അര്‍ധരാത്രി മുതലാണ് കുട്ടിയെ കാണാതായത്. പാതിരാത്രിയായിട്ടും കുട്ടി വരാത്തപ്പോള്‍ വീട്ടുകാര്‍ കുട്ടിയെ അന്വേഷിച്ചു. എന്നാല്‍, ചുറ്റുപാടുമെല്ലാം തെരഞ്ഞിട്ടും ആറുവയസുകാരനെ കണ്ടെത്താനായില്ല. ഒടുവില്‍, വീട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പക്ഷേ, ഇവിടെ സിസിടിവി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതോടെ അന്വേഷണം പോലീസിന് വെല്ലുവിളിയായിത്തീര്‍ന്നു.
തുടര്‍ന്നാണ് പോലീസ് നായ ലിയോയെ കൊണ്ടുവരുന്നത്. കുട്ടി കളിക്കാന്‍ പോകുന്നതിന് മുമ്പായി വസ്ത്രങ്ങളൂരിവച്ച കാര്യം വീട്ടുകാര്‍ പറഞ്ഞിരുന്നു. അങ്ങനെ കുട്ടിയുടെ വീട്ടിലെത്തിയ നായയെ കൊണ്ട് കുട്ടിയുടെ വസ്ത്രം മണപ്പിച്ചു. പിന്നാലെ, ലിയോ കുട്ടിയെ തെരഞ്ഞിറങ്ങി. ഡോഗ് സ്ക്വാഡിലെ മികച്ച പരിശീലനം നേടിയ നായയാണ് ലിയോ. ലിയോ ഒടുവില്‍ കുട്ടിയുടെ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള അശോക് ടവര്‍ മേഖലയിലെ അംബേദ്കര്‍ ഉദ്യാനില്‍ നിന്നും കുട്ടിയെ കണ്ടെത്തി.
ഇതൊരു തുറസ്സായ പ്രദേശമാണ്. എന്നാല്‍, കുട്ടി എങ്ങനെ ഇവിടെ എത്തി തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. പേടിച്ചുപോയതുകൊണ്ടാകാം കുട്ടിയെ തട്ടിക്കൊണ്ടുപോയ വ്യക്തി അവിടെ ഉപേക്ഷിച്ചിട്ട് പോയത് എന്നാണ് കരുതുന്നത്. ഏതായാലും സംഭവം അറിഞ്ഞ് ലിയോയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.






