
കേക്കുകള്‍ ഇഷ്ടമില്ലാത്തതായി ആരും തന്നെയുണ്ടാകില്ല. കാരണം ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ക്ക് മധുരം കൂട്ടാന്‍ കേക്കുകള്‍ തന്നെയാണ് മുന്‍പന്തിയില്‍. വിവാഹം, പിറന്നാള്‍, വാര്‍ഷികം തുടങ്ങി ജീവിതത്തിലെ മനോഹരമായ ഏത് മുഹൂര്‍ത്തങ്ങളും കേക്ക് മുറിച്ച് ആഘോഷിക്കാറാണ് പതിവ്. ഇനിയിപ്പോള്‍ ഇതാ ക്രിസ്മസ് ആണ് വരാന്‍ പോകുന്നത്. അപ്പോള്‍ പിന്നെ കേക്കിന്റെ ഡിമാന്‍ഡിനെ കുറിച്ച് പറയണ്ട കാര്യമില്ല. വില കുറഞ്ഞ കേക്കുകള്‍ മുതല്‍ വില കൂടിയ കേക്കുകള്‍ വരെ ബേക്കറികളില്‍ സ്ഥാനം പിടിച്ച് തുടങ്ങിയിട്ടുണ്ടാകും. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു കേക്കിന്റെ വിലയാണ് സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ ദിവസം കണ്ടന്റ് ക്രിയേറ്ററായ ജി ഹോബ്സാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി വില കൂടിയ രണ്ട് കേക്കുകളുടെ വീഡിയോ പങ്കുവച്ചത്. എന്നാല്‍ വില കേട്ടതും ഈ കേക്കിന് നല്കുന്ന കാശുണ്ടെങ്കില്‍ ഒരു കാറ് വാങ്ങാന്‍ കഴിയും എന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. ലോകത്തിലെ ഏറ്റവും വിലകൂടിയ കേക്കുകള്‍ എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ വൈല്‍ഡ് ബെറി ക്രിസ്റ്റല്‍ മക്രോണ്‍ ചീസ് കേക്കും, പോംപോണ്‍ വാനില കാരമല്‍ ഗ്രേഡ് എ കേക്കുമാണ് ഹോബ്സ് കഴിക്കുന്നത്. ഇതില്‍ വൈല്‍ഡ് ബെറി ക്രിസ്റ്റല്‍ മാക്രോണ്‍ കേക്കിന്റെ വില $9,703(8 ലക്ഷത്തിലധികം രൂപ) ആണ്. പോംപോണ്‍ വാനില കാരമല്‍ ഗ്രേഡ് എയുടെ വില $1,500(ഒരു ലക്ഷത്തിലധികം രൂപ) യുമാണ്. ഇതില്‍ വാനില കൊണ്ട് നിര്‍മ്മിച്ച കേക്കിന് മുകളില്‍ സ്വര്‍ണ്ണവും കാണാം. കേക്ക് കഴിക്കാനായി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഫോര്‍ക്കും കേക്കിനൊപ്പം കാണാം.
ഫ്രാന്‍സിലെ ലൂവ്രെ മ്യൂസിയത്തിലെ കലാകാരന്മരാണ് ഈ കേക്കുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആഡംബരം എന്നും ഈ കേക്കുകളെ ഹോബ്സ് വിശേഷിപ്പിക്കുന്നു. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ കണ്ട് പലരും ഞെട്ടിയിരിക്കുകയാണ്. ഇത്രയധികം പണംകൊടുത്ത് ഈ കേക്ക് വാങ്ങിക്കഴിക്കാന്‍ ആളുകള്‍ക്ക് ഭ്രാന്താണോ എന്നാണ് വീഡിയോ കണ്ട് പലരും ചോദിച്ചത്.






