
കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെ (എല്‍.എല്‍.സി) മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലുള്ള തര്‍ക്കമാണ്. ഇന്ത്യൻ കാപിറ്റല്‍സ് താരമായ ഗംഭീറും ഗുജറാത്ത് ടൈറ്റൻസ് താരമായ ശ്രീശാന്തും മത്സരത്തിനിടെയാണ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്. ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ ഫോറും സിക്സറും നേടിയതോടെയാണ് ഇരുവരും ഉരസിത്തുടങ്ങിയത്. ശ്രീശാന്ത് ആദ്യം ഗംഭീറിനെ രൂക്ഷമായി നോക്കി, പിന്നാലെ ഗംഭീര്‍ തിരിച്ചു നോക്കി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പക്ഷേ ആരാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് വിഡിയോയില്‍ വ്യക്തമല്ല. ഗംഭീറാണ് തര്‍ക്കം തുടങ്ങിയതെന്ന് ശ്രീശാന്ത് പറയുന്നതും വീഡിയോയിലുണ്ട്. ഇപ്പോഴിതാ ഈ വാക്കുതര്‍ക്കത്തില്‍ ശ്രീശാന്തിന്റെ ഭാര്യയായ ഭുവനേശ്വരി പ്രതികരിച്ചിരിക്കുകയാണ്. ഗംഭീറിന്റേത് വളര്‍ത്തുദോഷമാണെന്ന് മ എസ്. ഭുവനേശ്വരി കുറിച്ചു.
‘‘ഗംഭീര്‍ തന്നെ തെറി പറഞ്ഞുവെന്നും നിരന്തരം വാതുവെപ്പുകാരൻ എന്ന് വിളിച്ചു. ഗംഭീറാണ് മോശം വാക്കുകള്‍ ഉപയോഗിച്ചതെന്നും അമ്പയര്‍മാര്‍ പിടിച്ചുമാറ്റിയപ്പോഴും തരംതാണ വാക്കുകളാണ് ഗംഭീര്‍ നടത്തിയത്....’’ ശ്രീശാന്ത് വെളിപ്പെടുത്തി. എന്നാല്‍ ഒന്നുമറിയില്ലെന്ന മട്ടിലാണ് ഗംഭീര്‍ ഇതിനോട് എക്സില്‍ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ശ്രീശാന്ത് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം വിഡിയോക്ക് താഴെയായിരുന്നു ഭുവനേശ്വരിയുടെ പ്രതികരണം.
‘‘വര്‍ഷങ്ങളോളം ഇന്ത്യൻ ടീമില്‍ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയില്‍നിന്നു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അതും സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം. ഗ്രൗണ്ടിലെ ഇത്തരം പെരുമാറ്റം വളര്‍ത്തു ദേഷമാണ് കാണിക്കുന്നത്. ശരിക്കും ഞെട്ടിക്കുന്നതാണ്...’’ഭുവനേശ്വരി കുറിച്ചു.






