
തിരുവനന്തപുരം : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാസങ്ങളായി അസുഖബാധിതനായി ആസുപത്രിയിലായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. രോഗവിവരങ്ങൾ അന്വേഷിച്ച സമയത്ത് ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. മുറിവെല്ലാം ഉണങ്ങുന്നുവെന്നും ആശ്വാസമുണ്ടെന്നും പറഞ്ഞു. ഉടൻ ആശുപത്രി വിടാനാവുമെന്നും പ്രവര്‍ത്തനത്തിലെത്താനാവുമെന്നും പറഞ്ഞിരുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
മികച്ച സംഘാടകനും തൊഴിലാളി വർഗ്ഗ നേതാവുമായിരുന്ന കാനം രാജേന്ദ്രൻ ദിശാബോധമുള്ള വ്യക്തിത്വമായിരുന്നുവെന്ന് ആർ എസ് പി സെക്രട്ടറി ഷിബു ബേബിജോൺ . എല്ലാ രാഷ്ട്രീയക്കാരുമായി സൗഹൃദം പുലർത്തിയിരുന്നു. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.






