
ബോളിവുഡിന്റെ പ്രിയ താരമാണ് കാജോൾ ദേവ്ഗൺ. റൊമാന്റിക് ഹീറോയിൻ ആയി വർഷങ്ങളായി നിലനിൽക്കുന്ന താരം ഇപ്പോൾ തിളങ്ങുന്നത് കരുത്തുറ്റ അമ്മ വേഷങ്ങളിലൂടെയും പക്വതയുള്ള ശക്തയായ സ്ത്രീ കഥാപാത്രങ്ങളിലൂടെയുമാണ്. കഴിഞ്ഞ വർഷം കാജോൾ കേന്ദ്രകഥാപാത്രമായി എത്തി ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് രേവതി സംവിധാനം ചെയ്ത ഫാമിലി എന്റർടെയ്നർ ചിത്രമായ 'സലാം വെങ്കി'. ഇപ്പോഴിതാ ചിത്രം ഒരു വർഷം പൂർത്തിയാക്കിയ സന്തോഷവും നന്ദിയും സോഷ്യൽ മീഡിയ വഴി പങ്കിട്ടിരിക്കുകയാണ് താരം. "ഫാമിലി എന്റർടെയ്നർ ചിത്രമായ 'സലാം വെങ്കി' ഇന്ന് ഒരു വർഷം തികയുമ്പോൾ, വിശാലമായ അറിവുകൾ തന്നതിന്, ഉയർച്ച താഴ്ചകൾക്ക്, എല്ലാ സ്നേഹത്തിനും.. ഈ സിനിമ യഥാർത്ഥത്തിൽ ഞങ്ങളുടെ ഹൃദയത്തിൽ എന്നും നിലകൊള്ളുന്ന ഒരു യാത്രയായിരുന്നു. സലാംവെങ്കി ടീമിന് ആശംസകൾ..." എന്ന ക്യാപ്ഷൻ നൽകി താനും രേവതിയും ഒരുമിച്ചുള്ള ചിത്രങ്ങൾ താരം പങ്കിട്ടു. വെല്ലുവിളികളെ അതിജീവിക്കാനും ജീവിതം ആഘോഷിക്കാനും മകനെ സഹായിക്കുന്ന അമ്മയുടെ അവിശ്വസനീയമായ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
ഈ ചിത്രത്തിൽ കജോൾ, വിശാൽ ജേത്വ എന്നിവരെ കൂടാതെ രാഹുൽ ബോസ്, രാജീവ് ഖണ്ഡേൽവാൾ, പ്രകാശ് രാജ്, അഹാന കുമ്ര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആമിർ ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു, 'സലാം വെങ്കി' ആമിറും കജോളും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്.
ഉത്തരേന്ത്യയിലെ വിസ്മയിപ്പിക്കുന്ന മലനിരകളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ത്രില്ലിംഗ് സസ്പെൻസ് നിറഞ്ഞ ചിത്രമായ 'ദോ പാട്ടി'ലാണ് കാജോൾ അടുത്തതായി അഭിനയിക്കുന്നത്. 'ദോ പാട്ടി'യിൽ കൃതി സനോണിനൊപ്പം സ്ക്രീൻ സ്പേസ് പങ്കിടുകയാണ് കാജോൾ. കാജോൾ നായികയായി 'ദോ പാട്ടി' എന്ന മിസ്റ്ററി ത്രില്ലറിലൂടെ കൃതി സനോൺ നിർമ്മാതാവാകുന്നുമുണ്ട്. OTT പ്ലാറ്റ്ഫോമായ Netflix-ൽ മാത്രമായി സ്ട്രീം ചെയ്യും. ഈ ചിത്രം മുമ്പെങ്ങുമില്ലാത്ത വിധം ത്രസിപ്പിക്കുന്ന സസ്പെൻസ് നിറഞ്ഞ ഒരു റൈഡിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.






