
നീണ്ട 42 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയില്‍ നിന്നുമുള്ള ഒരു കത്ത് കെന്റിലെ വിലാസത്തില്‍ എത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. സിഡ്നിയില്‍ നിന്നും 1981 ഓഗസ്റ്റ് 27 നാണ് മാര്‍ഗേറ്റിനടുത്തുള്ള വെസ്റ്റ്ഗേറ്റിലെ ഒരു വീട്ടിലേക്ക് ഈ കാര്‍ഡ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്‍ ഗ്രോവിലെ ആ വിലാസത്തില്‍ ഇപ്പോള്‍ താമസിക്കുന്നത് സാമന്ത വില്യംസ് എന്നൊരു സ്ത്രീയാണ്. ഒരു നിഗൂഢ കത്ത് ആണ് ഇതെന്നാണ് സാമന്ത ഇതിനെ വിശേഷിപ്പിച്ചത്.
'ഈ വിലാസത്തില്‍ പറഞ്ഞിരിക്കുന്ന ആള് നേരത്തെ ഇവിടെ താമസിച്ചിരുന്ന ആളായിരിക്കാം. അദ്ദേഹത്തെ കണ്ടെത്തി ഈ കത്ത് ഏല്‍പ്പിക്കണം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ് എന്ന് തോന്നുന്നു ഇത് അയച്ച ആള്. അതിനാല്‍ തന്നെ വിലാസക്കാരന് വളരെ പ്രധാനപ്പെട്ടതായിരിക്കാം ഈ കത്ത്' എന്നും സാമന്ത പറയുന്നു. പോസ്റ്റ്കാര്‍ഡില്‍ നിന്നും സ്റ്റീവ് പാഡ്ജെറ്റ് എന്നൊരാള്‍ക്കാണ് അത് അയച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. ജെറി എന്നൊരാളാണ് അത് അയച്ചിരിക്കുന്നത്.
'ആ കാര്‍ഡ് കിട്ടിയപ്പോള്‍ തന്റെ മക്കള്‍ കരുതിയത് അത് ആരോ അയച്ച ക്രിസ്മസ് കാര്‍ഡാണ് എന്നാണ്. അങ്ങനെയാണ് അവരത് എടുത്തത്. 1980 -കളില്‍ ഇവിടെ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഒരാളാവാണം സ്റ്റീവ്' എന്നും സാമന്ത പറയുന്നു. ഇതില്‍ 32 സെന്റ് സ്റ്റാമ്പ് മാത്രമേ ഉള്ളൂ. അതിനാല്‍ ഇത് ഓസ്ട്രേലിയയിലോ യുകെയിലോ 40 വര്‍ഷത്തിലേറെയായി ഏതെങ്കിലും സോര്‍ട്ടിംഗ് ഓഫീസില്‍ കുടുങ്ങിക്കിടന്നിരിക്കാം എന്നും അവര്‍ പറയുന്നു.
പോസ്റ്റ്കാര്‍ഡില്‍ സിഡ്നി ഓപ്പറാഹൗസിന്റെ ഒരു ചിത്രമാണ് ഉള്ളത്. 40 വര്‍ഷത്തിലധികമായി കാര്‍ഡ് കുടുങ്ങിക്കിടന്നതിനെ കുറിച്ച് ഒരു റോയല്‍ മെയില്‍ വക്താവ് പറഞ്ഞത് ഈ മെയിലിന് എന്ത് സംഭവിച്ചുവെന്ന് ഊഹിക്കാന്‍ പറ്റുന്നില്ല എന്നാണ്. ഏതായാലും, ഈ കത്ത് അധികം വൈകാതെ ഇതിന്റെ യഥാര്‍ത്ഥ മേല്‍വിലാസക്കാരനിലേക്ക് എത്തും എന്നാണ് പ്രതീക്ഷിയിലാണ് ഇവര്‍.






