
തിരുവനന്തപുരം: പല കൊലപാതകക്കേസുകള്‍ക്കും തീവ്രവാദക്കേസുകള്‍ക്കും തുമ്പുണ്ടാക്കിയ കല്യാണി എന്ന പോലീസ് നായയുടെ മരണത്തില്‍ ദുരൂഹത. മരണകാരണം ക്രൈം ബ്രാഞ്ച് പോലീസ് അന്വേഷിച്ചേക്കും. ഇന്‍സ്പെക്ടര്‍ റാങ്ക് ആണ് കല്യാണിയുടേത്. നായയുടെ പൊടുന്നനെയുള്ള മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെയാണു ദുരൂഹതയേറിയത്.
പൂന്തുറ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാതെ വന്നാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാനാണ് ഉന്നതതല ധാരണ. മരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി നായയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ മൂന്നുപോലീസുകാര്‍ക്കെതിരേ വകുപ്പുതല നടപടിയെടുത്തു. പൂന്തുറ ഡോഗ് സ്ക്വാഡ് എസ്.ഐ: വി. ഉണ്ണിത്താന് അടക്കം മൂന്നു പോലീസുകാര്ക്കെതിരേയാണു നടപടി.
ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള കല്യാണി ഇരുപതിനാണു ചത്തത്. ഡോഗ് സ്ക്വാഡില്‍ മുതിര്‍ന്ന അംഗമായിരുന്ന കല്യാണിക്ക് എട്ടു വയസായിരുന്നു. പരിശീലനം കഴിഞ്ഞ് 2015 ലാണു സേനയുടെ ഭാഗമായത്. പ്രവര്‍ത്തന മികവുകൊണ്ട് സേനയ്ക്കുള്ളിലും പുറത്തും കല്യാണിക്ക് നിരവധി ആരാധകരാണുണ്ടായിരുന്നത്. സ്നിപ്പര്‍ വിഭാഗത്തില്‍പ്പെട്ട കല്യാണി പരിശീലനം പൂര്‍ത്തിയാക്കിയ 19 നായകളില്‍ ഒന്നാമതായിരുന്നു.
പോലീസിന്റെ നാലു ഡ്യൂട്ടി മീറ്റുകളില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച കല്യാണി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മോക് ഡ്രില്ലുകളില്‍ പങ്കെടുക്കുകയും നിരവധി ബഹുമതികള്‍ നേടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ 2021 വര്‍ഷത്തെ എക്സലന്‍സ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പത്തോളം ഗുഡ് സര്‍വീസ് എന്‍ട്രി സ്വന്തമാക്കിയ കല്യാണി വയറിലുണ്ടായിരുന്ന ട്യൂമറിനു ചികില്‍സയിലായിരുന്നു. കല്യാണി അനുഭവിക്കുന്ന വേദന കണ്ടു നില്‍ക്കാനാകാതെ ആരെങ്കിലും മനഃപൂര്‍വം വിഷം നല്കിയതാണോ എന്നും അന്വേഷിക്കം.






