
കൊച്ചി: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഷൂ എറിഞ്ഞ് കെ.എസ്.യു. പ്രവര്‍ത്തകര്‍. വിവിധയിടങ്ങളില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ കരിങ്കൊടിയും കാട്ടി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന നവകേരള സദസ് പുനരാരംഭിച്ചതിനു പിന്നാലെയാണു സംഭവം.
പ്രതിഷേധവുമായി എത്തിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരേ വ്യാപക ആക്രമണമുണ്ടായി. പെരുമ്പാവൂരില്‍ മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ സ്വകാര്യ ആശുപത്രിയിലെത്തിയ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയ്ക്കുനേരേ െകെയേറ്റമുണ്ടായി. എല്‍ദോസ് കുന്നപ്പിള്ളിയും ഡ്രൈവര്‍ അഭിജിത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. ഡി.െവെ.എഫ്.ഐക്കാരാണ് ആക്രമണം നടത്തിയതെന്ന് എല്‍ദോസ് ആരോപിച്ചു.
കോതമംഗലത്തേക്കുള്ള യാത്രക്കിടെ ഓടക്കാലില്വച്ചായിരുന്നു ഷൂ കൊണ്ടുള്ള ഏറ്. ഷൂ എറിഞ്ഞതിനെ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നവകേരള സദസിനെ മറ്റൊരു രീതിയില്‍ തിരിച്ചുവിടാനാണു നീക്കമെന്നു മുഖ്യമന്ത്രി ആരോപിച്ചു. ഷൂ ഏറിലേക്കു പോയാല്‍ മറ്റു നടപടികളിലേക്കു കടക്കേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. കോതമംഗലത്ത് നവകേരള സദസില്‍ സംസാരിക്കുമ്പോഴാണു മുഖ്യമന്ത്രി ഷൂ ഏറിനേക്കുറിച്ചും പ്രതികരിച്ചത്.
പെരുമ്പാവൂരില്‍ വച്ച് മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇവരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ തല്ലിച്ചതച്ചു. യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും കൊടികള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കത്തിച്ചു. കോതമംഗലം ഇരുമലപ്പടി കനാല്‍പ്പാലത്തിന് സമീപത്തുവച്ച് യൂത്ത് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂരിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.
കരിങ്കൊടി കാണിച്ചവരെ ഉടന്‍ ഏതാനും പേരുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടന്‍, നിയോജക മണ്ഡലം പ്രസിഡന്റ് എല്‍ദോസ് ഡാനിയേല്‍, വാഹിദ് പാനിപ്ര, വര്‍ഗീസ് മാപ്പിളക്കുടി എന്നിവരെ പോലീസ് കരുതല്‍ തടങ്കലില്‍ വച്ചു. കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെച്ചാലിക്ക് ഇരുമലപ്പടി പെട്രോള്‍ പമ്പില്‍വച്ചു മര്‍ദനമേറ്റു.






