
ബത്തേരി: ബത്തേരി (വയനാട്): വാകേരി കൂടല്ലൂരില്‍ യുവകര്ഷകന് പ്രജീഷിനെ കൊന്ന് ഭക്ഷിച്ച നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ ഉത്തരവ്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവ് ഇറക്കിയത്. കടുവയെ വെടിവച്ചു കൊല്ലാന്‍ ഔദ്യോഗികമായി ഉത്തരവിറക്കാതെ പ്രജീഷിന്റെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ബത്തേരി താലൂക്ക് ഗവ. ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ ഉപവാസം ആരംഭിച്ച സാഹചര്യത്തിലാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിറക്കിയത്. കടുവയെ ജീവനോടെ പിടികൂടാന്‍ പരമാവധി ശ്രമിക്കണമെന്നും ആവശ്യമെങ്കില്‍ വെടിവച്ചുകൊല്ലാമെന്നുമാണ് ഉത്തരവ്.
കടുവയെ ജീവനോടെ പിടികൂടുന്നതിന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി പരമാവധി പരിശ്രമം നടത്തണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫിന് നല്കിയ ഉത്തരവില്‍ പറയുന്നു. മനുഷ്യനെ കൊന്ന കടുവയെത്തന്നെയാണ് പിടിക്കാന്‍ ശ്രമിക്കുന്നതെന്നു ദൗത്യം തുടങ്ങുന്നതിനു മുമ്പ് ഉറപ്പുവരുത്തണം.
ശ്രമം പരാജയപ്പെട്ടാല്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചും 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ (11)(1)(എ) പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചും കടുവയെ കൊല്ലാമെന്ന് ഉത്തവില്‍ വ്യക്തമാക്കുന്നു. നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫിന്റെ മേല്‍നോട്ടത്തിലായിരിക്കണം ദൗത്യം. ആര്.ആര്.ടി, മെഡിക്കല്‍ ടീം എന്നിവയുടെ സാന്നിധ്യം ഉറപ്പുവരുത്തണം. ദൗത്യത്തിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും ആദ്യന്തം പകര്‍ത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെത്തുടര്‍ന്ന് ഉപവാസം അവസാനിപ്പിച്ച് പ്രജീഷിന്റെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് എം.എല്‍.എ: ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിയോടെ സംസ്കാരം നടത്തി. ശനിയാഴ്ച വൈകിട്ടാണ് കൂടല്ലൂരില്‍ വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീരകര്ഷകന് പ്രജീഷിനെ കടുവ ആക്രമിച്ചു കൊന്നത്.
കടുവയെ കണ്ടെത്തുന്നതിനു വനംവകുപ്പ് കൂടല്ലൂരിലും സമീപങ്ങളിലും തെരച്ചില്‍ നടത്തിവരികയാണ്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ് കൂടല്ലൂര്‍.






