
ന്യൂഡല്‍ഹി: കശ്മീരിന് എത്രയും പെട്ടെന്ന് സംസ്ഥാന പദവി നല്‍കണമെന്നും ഉടന്‍ തന്നെ ഇവിടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി. 2024 സെപ്തംബറോടെ ഇവിടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി ശരിവെച്ചു. അനുഛേദം 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി വന്നത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഏതൊരു സംസ്ഥാനത്തെയും പോലെ തന്നെയാണ് കശ്മീരെന്നും അതിന് പ്രത്യേക പരമാധികാരം ഇല്ലെന്നും പറഞ്ഞു.
സെപ്തംബര്‍ 30 ന് മുമ്പായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് അംഗീകരിക്കുകയും ചെയ്തു. കശ്മീരിന് നല്കിയ പ്രത്യേക പദവി റദ്ദാക്കിയതിന് എതിരേ സമര്‍പ്പിക്കപ്പെട്ട 28 ഹര്‍ജികളിലായിരുന്നു സുപ്രീംകോടതി വിധി പറഞ്ഞത്. വിധിക്ക് മുന്നോടിയായി, ഹരജിക്കാരന്റെ അഭിഭാഷകരില്‍ ഒരാളായ കപില്‍ സിബല്‍ എക്സില്‍ ഇട്ട പോസ്റ്റില്‍ ഇങ്ങിനെ പറഞ്ഞിരുന്നു. ''സ്ഥാപന നടപടികളിലെ ശരിയും തെറ്റും വരും വര്‍ഷങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടും. ചരിത്രപരമായ തീരുമാനങ്ങളുടെ ധാര്‍മ്മിക കോമ്പസിന്റെ അന്തിമ വിധികര്‍ത്താവ് ചരിത്രം മാത്രമാണ്. ''
2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 കേന്ദ്രസര്‍ക്കാര്‍ മാറ്റിയത്. ഇതിനെതിരെ 2020ല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി വരികയായിരുന്നു. വിധി വരുന്ന സാഹചര്യത്തില്‍ കശ്മീരില്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കലില്‍ വെച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. താഴ്വരയിലെങ്ങും കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയരുന്നു.
ക്ശ്മീരില്‍ ക്രമസമാധാന പാലനത്തിന്റെ ഭാഗമായി സുപ്രധാന ഇടങ്ങളിലെല്ലാം അധികമായി സൈനികരെ വിന്യസിപ്പിച്ചു. ശ്രീനഗര്‍ നഗരത്തില്‍ പലയിടത്തും ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചു. മറ്റു ചില ജില്ലകളിലും ചെക്ക്പോയിന്റുകള് വെച്ചിരുന്നു.
ഇന്റര്‍നെറ്റ്, സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗത്തിനും നിയന്ത്രണം വരുത്തിയിരുന്നു. കശ്മീരുമായി ബന്ധപ്പെട്ട ഇല്ലാത്ത വാര്‍ത്തകളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും പ്രസംഗങ്ങള്‍ ചിത്രങ്ങള്‍ അക്രമകരവും അപകീര്‍ത്തികരവുമായ കണ്ടന്റുകള്‍ എന്നിവയും പോസ്റ്റ് ചെയ്യരുതെന്ന് സൈബര്‍ പോലീസും നിര്‍ദേശം നല്കി. കൂടാതെ, സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് തീവ്രവാദ, വിഘടനവാദ ആശയങ്ങളും തെറ്റായ വിവരണങ്ങളും പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്കുന്നു,'' സൈബര്‍ പോലീസ് ഒരു ഉപദേശത്തില്‍ പറഞ്ഞു.
യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെ മറ്റ് ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന കുറ്റകരമായ ഉള്ളടക്കങ്ങളുടെ പ്രചാരം ഒഴിവാക്കാമെന്നും അത്തരം വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ സ്വീകരിക്കുകയോ ചെയ്താല്‍, അത് മറ്റുള്ളവരുമായി പങ്കിടുന്നതിന് പകരം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഉടന്‍ തന്നെ സൈബര്‍ പോലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.






