
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭാ പുനസംഘടനയില്‍ മന്ത്രിസ്ഥാനത്തിനായുള്ള കെ.ബി.ഗണേഷ്കുമാറിന്റെയും കടന്നപ്പള്ളിരാമചന്ദ്രന്റെയും കാത്തിരിപ്പ്അവസാനിക്കുന്നു. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന നവകേരളസദസിൽ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുത്തേക്കും.
സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും തീരുമാനിക്കാൻ ഡിസംബർ 24 നു ഇടതുമുന്നണിയോഗം ചേരും. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും നൽകാനാണ് സാധ്യത. നിലവിൽ ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ആന്റണി രാജുവും, അഹമ്മദ് ദേവർകോവിലും മന്ത്രി സ്ഥാനം മാറിയേക്കും. ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത അനുഭവ പരിചയവും ഗണേഷ് കുമാറിനുണ്ട്.
2001ൽ ആന്റണി മന്ത്രിസഭയിൽ ചുമതല ഏൽക്കുമ്പോൾ 35 വയസ് മാത്രമായിരുന്നു ഗണേഷിന്റെ പ്രായം. പിന്നാലെ 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം വകുപ്പ്, കായിക-സിനിമാ വകുപ്പുകളുടെ മന്ത്രിയായും ഗണേഷ് പ്രവർത്തിച്ചിരുന്നു.
കോൺഗ്രസ് എസിലെ നേതാവായ രാമചന്ദ്രൻ കടന്നപ്പള്ളി ആവട്ടെ 2009 മുതൽ 2011 വരെ ദേവസ്വം മന്ത്രിയായും, കഴിഞ്ഞ പിണറായി വിജയൻ സർക്കാരിൽ തുറമുഖ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ച ആളാണ്.






