
ശബരിമല: മണ്ഡലകാലം തുടങ്ങി 28 ദിവസത്തെ ആകെ വരുമാനം കണക്കാക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 കോടിയുടെ കുറവുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. 134,44,90,495 രൂപയാണ് ഇതു വരെയുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വരവ് 154,77,97,005 രൂപയായിരുന്നു. അപ്പം വില്‍പ്പനയില്‍ ഇത്തവണ 8,99,05,545 ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 9,43,54,875 രൂപയായിരുന്നു. അപ്പം വില്‍പ്പനയില്‍ 44,41,10350 രൂപയുടെ കുറവ്. ഇത്തവണ അരവണ വില്പനയില് 61,91,32,020 രൂപ വരുമാനം ലഭിച്ചു.
കഴിഞ്ഞ വര്‍ഷം ഇത് 73,75,46,670 രൂപയായിരുന്നു. 11,84,14050 രൂപയുടെ കുറവ്. കാണിക്കയിനത്തില്‍ 41,80,66,720 രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം 46,45,85,520 രൂപയായിരുന്നു. അക്കോമഡേഷന്‍ (ഓണ്‍െലെന്‍ ) ഈ വര്‍ഷം 34,16,425 രൂപ. കഴിഞ്ഞ വര്‍ഷം 33,92,050 രൂപ. വഴിപാട് (ഓണ്‍െലെന്‍) ഈ വര്‍ഷം 71,46,565 രൂപയാണ്. കഴിഞ്ഞ വര്‍ഷം 1,14,36,170 രൂപയായിരുന്നു. അന്നദാന സംഭാവന ഇനത്തില്‍ ഈ വര്‍ഷം 1,14,45,455 രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം 1,20,71,973 രൂപയായിരുന്നു. ഇന്നലെ വരെ 17,56,730 പേര് ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒന്നര ലക്ഷം തീര്‍ത്ഥാടകര്‍ ഇക്കുറി കുറഞ്ഞു. 2020, 21 വര്‍ഷങ്ങളില്‍ കോവിഡ്, പ്രളയം എന്നിവ മൂലം വരാതിരുന്ന തീര്‍ത്ഥാടകര്‍ കഴിഞ്ഞ വര്‍ഷം ഒന്നിച്ചെത്തുകയും രണ്ട് മൂന്ന് വര്‍ഷമായി അവര്‍ ശേഖരിച്ചു വച്ച തുക കാണിക്കയിടുകയും ചെയ്തിരുന്നു.
കൂടാതെ തമിഴ്നാട്ടിലെ പ്രളയവും തീര്‍ഥാടകരുടെ വരവിനെ ബാധിച്ചു. ഇതാണ് തീര്‍ത്ഥാടകരുടെ എണ്ണവും വരുമാനവും കുറയുവാന്‍ ഇടയാക്കിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്ത് പറഞ്ഞു. പമ്പ -സന്നിധാനം പാതയില്‍ തീര്‍ത്ഥാടക തിരക്കും നിയന്ത്രണങ്ങളും ഏറിയതോടെ കാര്യമായ നിയന്ത്രണങ്ങള്‍ ഇല്ലാത്ത പുല്ലുമേട് വഴിയുള്ള തീര്‍ത്ഥാടകരുടെ തിരക്കേറി. കഴിഞ്ഞ ഒരാഴ്ചയായി പുല്ലുമേട് താണ്ടി സന്നിധാനത്തേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇരട്ടിയില്‍ അധികം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച 2220 പേരും വെള്ളിയാഴ്ച 1544 പേരും പുല്ലുമേട് വഴി എത്തി.
സന്നിധാനത്ത് ഏറെ ഭക്തജനത്തിലേക്കും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്ന ഏഴു മുതല്‍ 11 വരെ തീയതികളില്‍ പമ്പയില്‍ എത്തിയ തീര്‍ഥാടകര്‍ തിരികെ വണ്ടിപ്പെരിയാറിലേക്ക് പോയി. അവിടെ പുല്ലുമേട് വഴി സന്നിധാനത്ത് എത്തി. സത്രത്തില്‍ നിന്നും യാത്ര ആരംഭിച്ചാല്‍ വിശ്രമത്തിന് ഒഴികെ എങ്ങും തങ്ങേണ്ട സ്ഥിതിയോ മറ്റ് നിയന്ത്രണങ്ങളോ ഇല്ല.
വനപാതയില്‍ ആകമാനം വനംവകുപ്പിന്റെ ശക്തമായ നിരീക്ഷണവുമുണ്ട് . പുല്ലുമേട് പാത വഴി സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വലിയ നടപ്പന്തലിന്റെ വലതുഭാഗത്ത് കൂടി താഴെ തിരുമുറ്റം കടന്ന് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം പൂര്‍ത്തിയാക്കുന്നതിന് ദേവസ്വം ബോര്‍ഡും പോലീസും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ എല്ലാം തന്നെ പുല്ലുമേട് കാനനപാത തീര്‍ത്ഥാടകരുടെ ഇഷ്ടപാതയായി മാറിക്കഴിഞ്ഞു. കൂടാതെ മല കയറ്റത്തിന്റെ കാഠിന്യമില്ലാതെ സന്നിധാനത്ത് എത്താമെന്ന പ്രത്യേകതയും ഉണ്ട്.
പ്രകൃതി അറിഞ്ഞും ദുര്ഘടങ്ങള് അയ്യപ്പ മന്ത്രത്താല്‍ തരണം ചെയ്തുമുള്ള കാനന യാത്രയാണ് പുല്ലുമേട് വഴിയുള്ളത്. നട്ടുച്ചയ്ക്കും വെയിലേല്‍ക്കാത്ത ഒറ്റയടി പാതയില്‍ മരങ്ങള്‍ക്കിടയില്‍ ആനത്താരയും കാണാം. പാതയുടെ പല ഭാഗത്തും കഷ്ടിച്ച് രണ്ട് പേര്‍ക്ക് പോകാന്‍ കഴിയുന്ന വീതി മാത്രമാണുള്ളത്. സത്രം വരെ വാഹനത്തില്‍ എത്താം. അവിടെ നിന്ന് നടന്ന് വേണം സന്നിധാനത്ത് എത്താന്‍. മഞ്ഞ് മൂടിയ വഴിയില്‍ ശ്രദ്ധിച്ച് വേണം നടക്കാന്‍. പുല്ലുമേട് ഭാഗത്ത് കാട്ടാനക്കൂട്ടത്തെയും കാണാം.






