
എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ നായികയായി അരങ്ങേറിയ നടി ആന്‍ അഗസ്റ്റിന് മലയാളികളുടെ പ്രിയതാരമാണ്. അര്ജുനന് സാക്ഷി, ത്രീ കിംഗസ്, ഓര്‍ഡിനറി, ഫ്രൈഡേ, പോപ്പിന്‍സ്, ടാ തടിയാ, ആര്‍ട്ടിസ്റ്റ്, നീന തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ആന്‍ അഗസ്റ്റിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ സോളോ എന്ന ആന്തോളജി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചിരുന്നത്.
മുപ്പത്തിയഞ്ചുകാരിയായ ആന്‍ ആഗസ്റ്റിന് ഇപ്പോള്‍ വളരെ സെലക്ടീവായി മാത്രമെ സിനിമകള്‍ ചെയ്യാറുള്ളു. ഒരിടവേളയ്ക്ക് ശേഷം ആന്‍ ചെയ്ത മലയാള സിനിമ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ്. ചുരുങ്ങിയ കാലത്തെ സിനിമാ ജീവിതം കൊണ്ട് തന്നെ ഒട്ടനവധി സുഹൃത്തുക്കളെ ആന്‍ സമ്പാദിച്ചിട്ടുണ്ട്.
അക്കൂട്ടത്തില്‍ ഒരാളാണ് നടിയും ഗായികയും ദുബായില്‍ ആര്‍ജെയുമായ മീര നന്ദന്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെയായിരുന്നു മീരയുടെ വിവാഹ നിശ്ചയം നടന്നത്. വളരെ പ്രൈവറ്റായി നടന്ന ചടങ്ങില്‍ അതിഥിയായി എത്തിയവരില്‍ ഒരാള്‍ ആന്‍ അഗസ്റ്റിനായിരുന്നു. സുഹൃത്ത് എന്നതിലുപരി സഹോദരിയായാണ് ആന്‍ മീരയെ കാണുന്നത്.
ഇപ്പോഴിതാ മീരയ്ക്കും ഭാവി വരന് ശ്രീജുവിനും ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് ആന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. 'ഞാന്‍ മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് എനിക്ക് പറയാന്‍ ഉള്ളത്. അതിനാല്‍ ഞാന്‍ അത് വീണ്ടും പറയാം... ഞാന്‍ എന്നേക്കും നിങ്ങളുടെ അരികിലുണ്ടാകും. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു', എന്നാണ് ആന്‍ കുറിച്ചത്. ബേബി സിസ്റ്റര്‍ എന്നാണ് മീരയെ ആന്‍ ഹാഷ്ടാഗിലൂടെ വിശേഷിപ്പിച്ചത്.
സിംപിള്‍ ലുക്കിലാണ് ആനും മീരയും ഭാവി വരന് ശ്രീജുവും ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിയുടെ കുറിപ്പ് വൈറലായതോടെ ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫോട്ടോയില്‍ ചുരിദാര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട മീര ഗര്‍ഭിണിയാണോ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. മറ്റ് ചിലര്‍ പതിവുപോലെ ശ്രീജുവിന്റെയും പണത്തെയും രൂപത്തെയും കുറിച്ചുള്ള കമന്റുകളാണ് പങ്കിട്ടത്.
വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ മീരയുടെ വരന് ശ്രീജുവിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ശ്രീജുവിന്റെ രൂപത്തെ ചൊല്ലിയാണ് വിമര്‍ശനങ്ങള്‍ ഏറെയും. ജോഡി പൊരുത്തം പോലും നോക്കാതെ മീര ശ്രീജുവിന്റെ പണം കണ്ട് വിവാഹത്തിന് സമ്മതിച്ചുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.






