
ന്യൂഡല്‍ഹി: മുംബൈ സ്ഫോടനക്കേസില്‍ ഇന്ത്യ തെരയുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹീം വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. പാകിസ്താനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദിന് ചികിത്സ നല്‍കുന്നതെന്നും അതിശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന വാര്‍ത്തയില്‍ പറയുന്നു.
രണ്ടു ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് വിവരം പുറത്തുവന്നിരിക്കുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഏറ്റവും അടുത്ത ആള്‍ക്കാരെയും ആശുപത്രി അധികൃതരേയും മാത്രമാണ് ഉള്ളിലേക്ക് കടത്തി വിടുന്നതെന്നുമാണ് റിപ്പോര്‍ട്ട്. 1993 മുംബൈ സ്ഫോടനക്കേസില്‍ ഇന്ത്യ തെരയുന്ന കൊടും കുറ്റവാളിയായ ദാവൂദ് പാകിസ്താനിലാണ് താമസിക്കുന്നതെങ്കിലും പാകിസ്താന് ഇക്കാര്യം നിഷേധിക്കുകയാണ്.
ദാവൂദിന്റെ ഒരു കുടുംബാംഗം അയാള്‍ പാകിസ്താനിലുണ്ടെന്ന് 2023 ല്‍ എന്‍ഐഎ യോട് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദാവൂദ് രണ്ടാം വിവാഹം കഴിച്ചെന്നും കറാച്ചിയില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണെന്നും പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ പത്താന് കുടുംബത്തില്‍ നിന്നുള്ള യുവതിയെയാണ് ദാവൂദ് വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടാം വിവാഹം കഴിഞ്ഞതിന് ശേഷം ദാവൂദ് തന്റെ ആദ്യ ഭാര്യ മഹ്ജബീനുമായി വിവാഹ മോചനം നേടിയിട്ടില്ലെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം രണ്ടാം വിവാഹം ദാവൂദിന്റെ ഒരു തന്ത്രമാണെന്നാണ് അന്വേഷണ ഏജന്‍സി കരുതുന്നത്. ആദ്യ ഭാര്യയ മഹ്ജബീനില്‍ നിന്നും അന്വേഷണ ഏജന്‍സിയുടെ ശ്രദ്ധ തിരിക്കാനാണ് രണ്ടാം വിവാഹവാര്‍ത്ത പുറത്തുവിട്ടിരിക്കുന്നതെന്നും കരുതുന്നു. 2003 ല്‍ ഇന്ത്യയുടേയും അമേരിക്കയുടേയും സര്‍ക്കാരുകള്‍ ദാവൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചിരുന്നു.






