
പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലോക്സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് സസ്പെന്റ് ചെയ്തത്. രാജ്യസഭയിൽ 45 പേരെയും ലോക്സഭയിൽ 33 പേരെയും സസ്പെൻഡ് ചെയ്തു.
ലോക്സഭയിൽ നിന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇടി മുഹമ്മദ് ബഷീർ, ആൻ്റോ ആൻ്റണി, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഉൾപ്പടെ ഉള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. കെ സി വേണുഗോപാൽ, വി ശിവദാസൻ, ജോസ് കെ മാണി എന്നിവരെയടക്കം പ്രതിപക്ഷ നേതാക്കളെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ട് വരുന്നത് വരെ മൂന്ന് എംപിമാർക്ക് എതിരെ സസ്പെൻഷൻ തുടരും. ബാക്കിയുള്ളവർക്ക് ഈ സഭാ കാലയളവ് തീരുന്നത് വരെയാണ് സസ്പെൻഷൻ.
എന്നാല് സംഭവത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്തെത്തി. പാർലമെന്റിനെയും ജനാധിപത്യത്തെയും മോദി സർക്കാർ ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വേച്ഛാധിപത്യ സർക്കാർ ജനാധിപത്യ മര്യാദകൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര ആഭ്യന്തരമന്ത്രി പുക ആക്രമണത്തിൽ പ്രസ്താവന നടത്തണം. വിശദമായ ചർച്ച നടത്തണമെന്നും ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിയും അമിത് ഷായും പാർലമെന്റിൽ സുരക്ഷ വീഴ്ചയുണ്ടായി എന്ന് സമ്മതിക്കുന്നുവെന്നും ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ന്യായമെന്നും എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. പ്രതിഷേധക്കാർക്ക് സന്ദർശക പാസ് നൽകിയ പ്രതാപ് സിംഹ എംപിക്കെതിരെ നടപടിയില്ല. സർക്കാർ ആഗ്രഹിക്കുന്നത് സഭ നടപടികൾ സുഗമമായി മുന്നോട്ട് പോകരുത് എന്നാണ്. ചർച്ചക്ക് ക്രിമിനൽ ബില്ലുകൾ വരുന്നത് ഒഴിവാക്കാനാണ് സസ്പെൻഷനെന്നും എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു.






