
തിരുവനന്തപുരം: ശബരിമല തീര്ത്ഥാടകര്ക്കുണ്ടായ ദുരിതത്തിനു കാരണം പോലീസിന്റെ ഏകോപനമില്ലായ്മയായിരുന്നുവെന്നു വ്യക്തമാകുന്നു. സന്നിധാനത്തെ ചുമതലയുണ്ടായിരുന്ന സ്പെഷല്‍ ഓഫീസര്‍മാര്‍ മറ്റുള്ളവരുമായി കൂടിയാലോചന നടത്താതെ മരക്കൂട്ടത്ത് അയ്യപ്പഭക്തരെ തടഞ്ഞതാണ് തീര്‍ഥാടന തുടക്ക ദിവസങ്ങളില്‍ പ്രശനങ്ങള്‍ക്കെല്ലാം കാരണം.
എ.ഡി.ജി.പി: എം.ആര്.അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ശുദ്ധികലശത്തിനുശേഷം തീര്‍ഥാടകര്‍ക്കു സന്നിധാനത്ത് ഒരുവിധ പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ല. ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റിയതിലൂടെ വലിയൊരു പ്രശ്ന പരിഹാരത്തിനു തുടക്കമായി. കോഴിക്കോട് ഡി.സി.പി: കെ. ഇ. െബെജു ആയിരുന്നു സന്നിധാനം സ്പെഷല്‍ ഓഫീസര്‍.കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പോലീസ് സബ് ഡിവിഷന്റെ ചുമതല വഹിക്കുന്ന ഐ.പി.എസ്. ട്രെയ്നിക്കായിരുന്നു അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസറുടെ ചുമതല. സര്‍ക്കാര്‍ ക്വാട്ടയില്‍ ഐ.പി.എസ്. ലഭിച്ച സ്പെഷല്‍ ഓഫീസറെ മറികടന്നു നേരിട്ടുള്ള ഐ.പി.എസുകാരനായ അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ തീരുമാനങ്ങള്‍ എടുക്കുകയും അത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് ഇതുവരെ ഉണ്ടായിട്ടില്ലാത്ത പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് വിലയിരുത്തല്‍.
ഇതര സംസ്ഥാനക്കാരനായ അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ ഇതാദ്യമായാണ് ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നത്. ഇദ്ദേഹം മലയാളികളായ പോലീസ് ഉദ്യോഗസ്ഥരെ ബുദ്ധിയുടെ പേരില്‍ അധിക്ഷേപിച്ചു സംസാരിച്ചതായി ആക്ഷേപം ഉയര്‍ന്നതോടെ കാര്യങ്ങള്‍ െകെവിട്ടുപോയി.നിലയ്ക്കലില്‍നിന്നു പമ്പയിലേക്കും അവിടെനിന്നു സന്നിധാനത്തേക്കും ക്രമമനുസരിച്ചു കടത്തിവിട്ട അയ്യപ്പഭക്തരെ മരക്കൂട്ടത്ത് മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തിയിരുന്നു. പിന്നീട് അവരെ ഒരുമിച്ചു സന്നിധാനത്തേക്ക് കടത്തിവിട്ടതു നിയന്ത്രണാതീതമായ തിരക്കിനു കാരണമായി. പതിനെട്ടാം പടിയിലൂടെ ഭക്തരെ കയറ്റിവിടുന്നതിലും വീഴ്ചയുണ്ടായി.
സാധാരണ പോലീസുകാര്‍ കഴിയുന്നത്ര ഭക്തരെ പതിനെട്ടാംപടി കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ഐ.പി.എസ്. ട്രെയ്നിയോടുള്ള നീരസം പ്രകടമായി. പിന്നീടു മുഖ്യമന്ത്രിതന്നെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്താണ് പ്രശ്ന പരിഹാരം കണ്ടത്. ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയാണ് പ്രശ്നങ്ങള്‍ വിളിച്ചു വരുത്തിയതെന്ന പോലീസിന്റെ മറ്റൊരു ആക്ഷേപം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.






