
ജീത്തു ജോസഫ് -മോഹന്‍ലാല്‍ ടീമിന്റെ നേര് ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലാവരും പറയുന്നത്. സൂപ്പര്‍താരത്തിന്റെ തിരിച്ചു വരവായിരിക്കും ഈ ചിത്രമെന്നാണ് പലരും കുറിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ ആദ്യ ഷോക്ക് ശേഷം ചിത്രത്തിന് ലഭിച്ച സ്വീകാര്യത കണ്ട്, കരഞ്ഞുകൊണ്ട് തിയേറ്റര്‍ വിട്ടിറങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി പൊട്ടിക്കരഞ്ഞ് കൊണ്ടാണ് തിയറ്ററില്‍ നിന്ന് പുറത്തിറങ്ങിയത്. അനശ്വരയുടെ പ്രകടനത്തെ അവര്‍ പ്രശംസിച്ചു. അനശ്വര ഗ്രേറ്റ് ആണെന്നാണ് ശാന്തി പറയുന്നത്. ‘മോഹൻലാലിന്റെ കാത്തിരുന്ന പ്രകടനം കണ്ടാണോ ഇമോഷണലായത് ?’ എന്ന ചോദ്യത്തിന് ‘അതേ’ എന്നായിരുന്നു ശാന്തിയുടെ മറുപടി. ആന്റണി പെരുമ്പാവൂരും നേര് കണ്ട് ഇമോഷണലായി. ‘ഇതുപോലൊരുപാട് സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നത്. വളരെ സന്തോഷം...’ ആന്റണി പറഞ്ഞു. എറണാകുളം കവിത തിയേറ്ററിലാണ് ആന്റണി പെരുമ്പാവൂരും ഭാര്യയും നേര് കണ്ടത്.
വലിയ ഒരിടവേളയ്ക്ക് ശേഷം പഴയ മോഹൻലാലിനെ തിരിച്ചുകിട്ടി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ‘ആദ്യ പകുതിയെക്കാള്‍ വളരെ ഗംഭീരമായ രണ്ടാം പകുതി, അഡ്വക്കേറ്റ് വിജയമോഹനായി മോഹൻലാലിന്റെ ഗംഭീര പ്രകടനം. അനശ്വര രാജൻ ഞെട്ടിച്ചു കളഞ്ഞു, ജീത്തു ജോസഫ്- മോഹൻലാല്‍ കൂട്ടുക്കെട്ടില്‍ മറ്റൊരു ഹിറ്റ് കൂടി...’ എന്നിങ്ങനെയാണ് ആദ്യ ഷോ കഴിഞ്ഞുള്ള പ്രേക്ഷക പ്രതികരണങ്ങള്‍. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് ‘നേരി’ന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാര്‍, നന്ദു, മാത്യു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിന്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.






