
മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ നേര് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. മോഹൻലാലിന്റെ വൻ തിരിച്ചു വരവാണ് ഈ ചിത്രം എന്നാണ് പല പ്രേക്ഷകരും അഭിപ്രായപെടുന്നത്. മോഹൻലാലിനെ പോലെ തന്നെ സിനിമയിലെ കേന്ദ്ര കഥാപാത്രമായ അനശ്വര രാജന്റെ അഭിനയത്തിനും ഏറെ കൈയടി കിട്ടുന്നുണ്ട്. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങി വരുന്ന അനശ്വരയോട് സിനിമയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും ചോദിക്കുന്നതും അതിനു അനശ്വര പറയുന്ന മറുപടിയുമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മോഹൻലാലിന്റെ തിരിച്ചു വരവാണോ ഈ സിനിമ എന്നാണ് താരത്തോട് മാധ്യമപ്രവർത്തകൻ ചോദിക്കുന്നത്. അതിനുള്ള മറുപടിയായി, "ലാലേട്ടൻ എവിടെയും പോയിട്ടില്ലല്ലോ. ഇവിടെത്തന്നെയുള്ള ലാലേട്ടന്റെ ഒരു വമ്പൻ അടിപൊളി പെർഫോമൻസ് കാണാൻ പറ്റി.... അങ്ങനെയേ എനിക്ക് തോന്നിയിട്ടുള്ളു..." അനശ്വര പറയുന്നു. മികച്ച അഭിപ്രായങ്ങൾ കിട്ടുന്നതിനുള്ള സന്തോഷവും നന്ദിയും അനശ്വര പ്രകടിപ്പിക്കുന്നുണ്ട്. സിനിമ കാണാത്തവർ പോയി കാണണമെന്നും അനശ്വര പറയുന്നുണ്ട്.
മോഹൻലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രം കുടുംബപ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ആത്മവിശ്വാസമില്ലാത്ത വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രം പിന്നീട് വിജയത്തിലേക്ക് എത്തുന്നത് എങ്ങനെയാണ് എന്നതാണ് നേരിന്റെ ആകാംക്ഷ നിറഞ്ഞ ഘടകം. അനശ്വര രാജനും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. കണ്ണ് കാണാത്ത ഒരു പെണ്കുട്ടിയായിട്ടാണ് ചിത്രത്തില്‍ അനശ്വര രാജൻ എത്തിയിരിക്കുന്നത്. പ്രധാന വേഷത്തിൽ പ്രിയാമണിയും സിനിമയിലുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.






