
ക്രിസ്മസ് കാലം അടുത്താല്‍ പിന്നെ വന്‍ ചിലവാണ്. കാരണം നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ടവരെല്ലാം ഒരുമിച്ച് കൂടുകയും സമ്മാനങ്ങള്‍ നല്‍കുകയും ആഘോഷങ്ങളും വിരുന്നുമെല്ലാം സംഘടിപ്പിക്കുകയും ചെയ്യുന്ന നിമിഷമാണിത്. അതുകൊണ്ട് തന്നെ വലിയ ഒരു തുക ഇതിനായി മാറ്റിവയ്ക്കക്കേണ്ടിവരും. പ്രായമായവരെ സംബന്ധിച്ച് തങ്ങളുടെ മക്കളും കൊച്ചുമക്കളുമെല്ലാം ഒത്തുകൂടുന്ന സമയമാണിത്. അപ്പോള്‍ പിന്നെ ചിലവിന്റെ കാര്യം പറയേണ്ടതില്ല. എന്നാല്‍ വന്‍ ചിലവ് ഒഴിവാക്കാന്‍ യുകെയില്‍ ഉള്ള ഒരു മുത്തശ്ശി കണ്ടെത്തിയ മാര്‍ഗമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. എന്താണന്നല്ലേ? മക്കളില്‍ നിന്നും കൊച്ചുമക്കളില്‍ നിന്നുംതന്നെ ഭക്ഷണത്തിന്റെ പൈസയീടാക്കാന് തീരുമാനിച്ചു. കാരണം മക്കള്‍ക്ക് വിരുന്നൊരുക്കാനുള്ള പണം മുത്തശ്ശിയുടെ കൈയ്യില്‍ ഇല്ലാതിരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു മാര്‍ഗം സ്വീകരിച്ചത്.
കാര്‍ഡിഫില്‍ നിന്നുള്ള കരോലിന് ഡഡ്രിഡ്ജ് ആണ് തന്റെ മക്കളില്‍ നിന്നും പൈസ സ്വീകരിച്ചുകൊണ്ട് ഡിന്നര്‍ ഒരുക്കുന്നത്. 2015 -ലാണ് കരോലിന്റെ ഭര്‍ത്താവ് മരിക്കുന്നത്. ശേഷമാണ് ഇവര്‍ മക്കളില്‍ നിന്നും തുക ഈടാക്കി തുടങ്ങിയത്. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്. അവര്‍ക്കൊക്കെ കുടുംബവും. സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും അവര്‍ക്ക് തോന്നിയില്ല. ഇത്തവണ അങ്ങനെ ക്രിസ്മസിന് ഓരോരുത്തരുടെയും അടുത്ത് നിന്നും ഇതുവരെ കിട്ടിയ തുക ആകെ $180 (ഏകദേശം 18,000 രൂപ) ആണ്. പണപ്പെരുപ്പവും ദിവസേന എന്നോണം കൂടിവരുന്ന ജീവിതച്ചെലവും കണക്കിലെടുത്ത് കരോലിന് ഇത്തവണ മക്കളില്‍ നിന്നും വാങ്ങുന്ന തുക വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. മൂന്ന് പെണ്മക്കളോടും ഇപ്പോള്‍ ഏകദേശം $15.21 (1600 രൂപ) നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1300 രൂപയാണ് അവര്‍ നല്‍കിയിരുന്നത്. അതേസമയം രണ്ട് ആണ്മക്കളും ഏകദേശം 2000 രൂപ വീതം നല്കുന്നു. പേരക്കുട്ടികള്‍ ഏകദേശം 330 രൂപയാണ് ക്രിസ്മസ് ആഘോഷത്തിനായി മുത്തശ്ശിക്ക് നല്‍കുന്നത്.
ഇന്ന് സാധനങ്ങള്‍ക്ക് എല്ലാം നല്ല വിലയാണ്. നാം വിചാരിക്കുന്നിടത്ത് ചെലവ് നില്‍ക്കില്ല. അതുകൊണ്ട് ഇതല്ലാതെ വേറെ മാര്‍ഗങ്ങളില്ല എന്നാണ് കരോലിന് പറയുന്നത്. ചിലരൊക്കെ മക്കളില്‍ നിന്നും ഭക്ഷണത്തിന് കാശ് വാങ്ങുന്ന അമ്മ എന്നും പറഞ്ഞ് കരോലിനെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍, കരോലിന് അതൊന്നും കാര്യമാക്കുന്നേയില്ല. അതേസമയം തന്നെ ഇത് നല്ല ഐഡിയയാണ് എന്ന് പറഞ്ഞ് കരോലിനെ നിരവധിപേരാണ് അഭിനന്ദിക്കുന്നത്.






