
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. ഇവയില്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്ന വെറൈറ്റി കണ്ടന്റുകള്‍ അടങ്ങിയ നിരവധി വീഡിയോകളുണ്ട്. ഇത്തരത്തില്‍ വെറൈറ്റി ആയിട്ടുള്ള കണ്ടന്റുകളും പരീക്ഷണങ്ങളും സാഹസികതകളും ഒക്കെ ഉള്‍പ്പെടുത്തി വീഡിയോ ക്രിയേറ്റ് ചെയ്യുന്ന യൂട്യൂബര്‍ ആണ് ജിമ്മി ഡൊണാള്ഡ്സണ്. മിസ്റ്റര്‍ ബീസ്റ്റ് എന്ന അറിയപ്പെടുന്ന ഇദ്ദേഹത്തെ പരിചയമില്ലാത്തവര്‍ ഇന്ന് ചുരുക്കമാണ്. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന രണ്ടാമത്തെയാളാണ് മിസ്റ്റര്‍ ബീസ്റ്റ്.
മിക്കവാറും മിസ്റ്റര്‍ ബീസ്റ്റിന്റെ ചലഞ്ചുകളിലെല്ലാം അപരിചിതരായ ആളുകളേയും പങ്കാളികളാക്കാറുണ്ട്. അതും വെറുതെയല്ല വിജയിച്ച് കഴിഞ്ഞാല്‍ വലിയ തുക തന്നെ സമ്മാനമായും നല്‍കും. ഇത്തവണ അതുപോലെ അപരിചിതരായ രണ്ട് ആളുകളെയാണ് ബീസ്റ്റ് ചലഞ്ചില്‍ പങ്കെടുപ്പിച്ചത്. ഇത്തവണ എത്രയാണ് എന്നോ സമ്മാനം? $500,000. അതായത് ഏകദേശം നാലുകോടിയിലധികം രൂപ വരും ഇത്.
ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത് ബെയ്ലി എന്ന യുവാവും സൂസി എന്ന യുവതിയുമാണ്. ഇരുവരും തമ്മില്‍ യാതൊരു പരിചയവും ഇല്ല. ഈ ചലഞ്ചിലേക്കായി ഇരുവരും സമര്‍പ്പിക്കേണ്ടത് തങ്ങളുടെ 100 ദിവസമാണ്. അതും കുടുംബക്കാരൊന്നും ഇല്ലാതെ മുഴുവനായും വെള്ളനിറം നല്‍കിയിരിക്കുന്ന ഒരു മുറിയിലാണ് ഇവര്‍ കഴിയേണ്ടത്. മാത്രമല്ല, ഇവര്‍ക്ക് ഫോണും ഉപയോഗിക്കാന്‍ സാധിക്കില്ല. ചലഞ്ച് ഈ വെള്ളമുറിയില് രണ്ടുപേരും 100 ദിവസം ഒരുമിച്ച് പൂര്‍ത്തിയാക്കുക എന്നതാണ്.
അത് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഇവര്‍ക്ക് നാലുകോടി രൂപയുമായി ഇവിടെ നിന്നും പോകാം. എന്നാല്‍, അതിലും ഒരു പ്രത്യേകതയുണ്ട്. രണ്ടില്‍ ഒരാള്‍ ഈ ചലഞ്ച് പൂര്‍ത്തിയാക്കാതെ, അതായത് 100 ദിവസം പൂര്‍ത്തിയാക്കാതെ ഇവിടെ നിന്നും പോയാല്‍ രണ്ടുപേര്‍ക്കും കാശ് കിട്ടില്ല. ഇരുവര്‍ക്കും പ്രത്യേകം ബെഡ്ഡ്, ഭക്ഷണം, ബാത്ത്റൂം എന്നിവയെല്ലാം ഇവിടെ ഉണ്ട്. എന്നാല്‍, നിറയെ ലൈറ്റ് ആയത് കാരണം ഉറങ്ങാന്‍ ഇത്തിരി പാടായിരിക്കും. എന്തായാലും രണ്ടുപേര്‍ക്കും ഇതിനകത്ത് 100 ദിവസം പൂര്‍ത്തിയാക്കി. അതിന് മുമ്പ് തന്നെ പുസ്തകം, കാപ്പി, കുടുംബാംഗങ്ങളെ കാണല്‍ എന്നിവയ്ക്കൊക്കെ വേണ്ടി ബെയ്ലിയും സൂസിയും കുറച്ച് തുക ചെലവഴിച്ച് കഴിഞ്ഞിരുന്നു.
ഒടുവില്‍ അവസാനത്തെ ചലഞ്ചും പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ക്ക് ലഭിച്ചത് ഏകദേശം മൂന്നുകോടി രൂപയാണ്. ഇരുവരും 1.5 കോടി രൂപ പങ്കുവച്ചെടുത്തശേഷമാണ് ഇവിടെ നിന്നും പുറത്തിറങ്ങിയത്. 92 മില്ല്യണ്‍ ആളുകളാണ് ഈ ചലഞ്ചിന്റെ വീഡിയോ യൂട്യൂബില്‍ കണ്ടിരിക്കുന്നത്.






