
തിരുവനന്തപുരം: നവകേരള സദസില്‍ ലഭിച്ചത് ആറുലക്ഷത്തിലധികം പരാതികള്‍. ആകെ 6,21,167 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. ഇതില്‍ വലിയ പ്രശ്നങ്ങളില്ലാത്തവ തീര്പ്പാക്കിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, എത്രയെണ്ണം തീര്‍പ്പാക്കിയെന്നു വ്യക്തമല്ല. സര്‍ക്കാര്‍ നേരത്തേ നിശ്ചയിച്ച 45 ദിവസത്തെ സമയപരിധിക്കുശേഷം അത് അറിയിക്കുമെന്നാണു ലഭ്യമായ വിവരം. ഈ പരാതികള്‍ തീര്‍ക്കാന്‍ ജില്ലകളില്‍ സ്പെഷല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നുണ്ട്.
ജനങ്ങളുമായി സംവദിക്കാനായി മന്ത്രിസഭ കേരളത്തിലുടനീളം 36 ദിവസമാണ് സഞ്ചരിച്ചത്. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ജനങ്ങള്‍ക്ക് പരിഹരിക്കേണ്ട പ്രശ്നങ്ങളെക്കുറിച്ച് അറിയിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരാതികള്‍ ലഭിച്ചത്.
ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് മലപ്പുറത്തുനിന്നാണ്, 81354 പരാതികള്‍. പാലക്കാട്: 61234, കൊല്ലം: 50938, പത്തനംതിട്ട: 23610, ആലപ്പുഴ: 53044, തൃശൂര്‍: 54260, കോട്ടയം: 42656, ഇടുക്കി: 42234, കോഴിക്കോട്: 45897, കണ്ണൂര്‍: 28803, കാസര്‍ഗോഡ്: 14704 , വയനാട്: 20388 എന്നിങ്ങനെയാണ് പരാതികളുടെ കണക്ക്. ഇതില്‍ എത്രത്തോളം പരാതികള്‍ പരിഹരിച്ചു എന്ന കാര്യം ഔദ്യോഗികമായി ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
ചട്ടങ്ങളും നിയമങ്ങളും ഭേദഗതി ചെയ്യേണ്ടാത്ത പരാതികള്‍ 30 ദിവസത്തിനുള്ളില്‍ത്തന്നെ പരിഹരിക്കുമെന്ന് മന്ത്രി കെ. രാജന് വ്യക്തമാക്കി. ജില്ലാതലത്തിലുള്ളവയും 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. സംസ്ഥാനതലത്തില്‍ പരിഹരിക്കേണ്ട പരാതികള്‍ 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചട്ടങ്ങളും നിയമങ്ങളും ഭേദഗതി ചെയ്യേണ്ടവയുടെ കാര്യത്തില്‍ ചിലപ്പോള്‍ കാലാവധി നീണ്ടുപോകാനുള്ള സാധ്യതയുമുണ്ട്. ചില പരാതികള്‍ പലതരത്തിലുള്ള നിയമക്കുരുക്കില്‍പ്പെട്ടതിനാല്‍ തീര്‍പ്പാക്കാന്‍ സമയമെടുക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലഭിച്ച പരാതികള്‍ പരിഹരിക്കാന്‍ ഓരോ ജില്ലയിലും സ്പെഷല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.






