
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച മുൻ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനെതിരെ സുധാകരൻ. സുധീരന് കാണാൻ ചെന്നപ്പോൾ പാർട്ടി വിട്ടുവെന്ന് പറഞ്ഞയാളാണെന്നും ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ന് കയറി വന്നതെന്നും സുധാകരൻ പറഞ്ഞു. കെപിസിസി യോഗത്തിൽ നിന്നും തനിക്ക് പ്രസംഗിക്കാനുള്ളത് കഴിഞ്ഞപ്പോൾ സുധീരൻ ഇറങ്ങിപ്പോയെന്ന്കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും വ്യക്തമാക്കി.
കെപിസിസി യോഗത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് വിഎം സുധീരന് വിമർശനമുയർത്തിയത്. കെപിസിസി നേതൃത്വം പരാജയമാണെന്നും നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല, അവരവര്‍ക്കുവേണ്ടിയാണെന്നും സുധീരൻ പറയുകയുണ്ടായി. കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറി. അവനവന് വേണ്ടി പ്രവർത്തിക്കുന്നവരായി നേതാക്കൾ മാറി. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. 2016 ൽ തോറ്റതിന് സ്ഥാനാർത്ഥി നിർണയവും കാരണമായി. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ല. സോണിയ ഗാന്ധിക്ക് നൽകിയ കത്തും സുധീരന് കെപിസിസിയിൽ വായിച്ചിരുന്നു.
അതേസമയം സുധാകരൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന സമയം പകരം ചുമതല ആർക്കും കൈമാറില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.




