
ചൈനയിൽ 25 -കാരിയായ യുവതി മുത്തശ്ശിയുടെ സ്വത്തുക്കളിൽ തനിക്കും അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്തു. തനിക്ക് മുത്തശ്ശിയുടെ പേരിലുള്ള അപ്പാർട്ട്മെൻറ് വിറ്റ് കിട്ടുന്ന പണത്തിൽ മൂന്നിലൊന്ന് നൽകണമെന്നും ആ പണം ഉപയോഗിച്ച് തനിക്ക് വിദേശ പഠനം നടത്തണമെന്നും യുവതി കോടതിയിൽ പറഞ്ഞു.
പത്ത് വർഷം മുമ്പ് സർക്കാരിൽ നിന്നും സഹായമായി ലഭിച്ചതാണ് മുത്തശ്ശിയുടെ പേരിലുള്ള ഈ അപ്പാർട്ട്മെൻറ് . പെൺകുട്ടിയുടെ മാതാപിതാക്കൾ പിന്നീട് ഈ അപ്പാർട്ട്മെൻറ് തങ്ങളുടെ പേരിലും പെൺകുട്ടിയുടെ പേരിലേക്കും ആക്കി മാറ്റി. അതുകൊണ്ടുതന്നെ തൻറെ പേരിലുള്ള സ്വത്തിൽ തനിക്കും അവകാശമുണ്ടെന്നും അപ്പാർട്ട്മെൻറ് എത്രയും വേഗത്തിൽ വിൽപ്പന നടത്തി ലഭിക്കുന്ന പണത്തിൽ മൂന്നിൽ ഒരു ഭാഗം തനിക്ക് നൽകണമെന്നാണ് യുവതിയുടെ ആവശ്യം.
എന്നാൽ യുവതിയുടെ മാതാപിതാക്കൾ മുത്തശ്ശിയുടെ മരണശേഷം അല്ലാതെ അപ്പാർട്ട്മെൻറ് വിൽക്കാൻ തയ്യാറല്ല എന്നാണ് പറയുന്നത്. മകളുടെ പഠനത്തിനും മറ്റു കടബാധ്യതകൾ തീർക്കുന്നതിനുമായി തങ്ങൾ 58 ലക്ഷത്തോളം രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു എന്നും അവർ പറയുന്നു. എന്നാല്‍ ഷാങ്ഹായ് ബോഷാൻ പീപ്പിൾസ് കോടതി യുവതിയുടെ പരാതി തള്ളിക്കളയുകയും കുടുംബം ഒത്തൊരുമയോടെ ജീവിക്കുന്നിടത്തോളം കാലം സ്വത്ത് പങ്കുവെക്കേണ്ടതില്ല എന്ന് വിധിപ്രസ്താവം പുറപ്പെടുവിക്കുകയും ചെയ്തു.






