
ടോക്കിയോ: ജപ്പാനില്‍ 7.6 തീവ്രതയുള്ള ഭൂചലനത്തിന് പിന്നാല് 20 ഓളം തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ തീവ്രത 4 നു മുകളില്‍ രേഖപ്പെടുത്തിയതാണ് ഓരോ ഭൂചലനവും. ഒന്നര മണിക്കൂറിനുള്ളിലാണ് 21 ഭൂചലനങ്ങളും അനുഭവപ്പെട്ടത്. 2011 മാര്‍ച്ച് 11നുണ്ടായ ഭൂചലനത്തിനു ശേഷം അനുഭവപ്പെടുന്ന വലിയ ഭൂചലനമാണിത്.
ഭൂചലനത്തിനു പിന്നാലെ പടിഞ്ഞാറന്‍ ജപ്പാന്റെ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്കി. തീരങ്ങളില്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരകള്‍ വന്നു. എന്നാല്‍ ആശങ്കപ്പെട്ടതുപോലെ അഞ്ച് മീറ്റര്‍ ഉയരത്തില്‍ തിരകള്‍ എത്തിയില്ല. പടിഞ്ഞാറന്‍ തീരങ്ങളില്‍ നിന്ന്് ആളുകളോട് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തന്നെ അതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
മധ്യ ജപ്പാനില്‍ റോഡുകളില്‍ വിള്ളലുകളുണ്ടായി. ഇതേതുടര്‍ന്ന് ഹൈവേകള്‍ അടച്ചു. നിരവധി കെട്ടിടങ്ങളിലെ വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധം തകരാറിലായി. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. 36,000 ലേറെ വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചുവെന്ന് ഹുകുരികു ഇലക്ട്രിക് പവര്‍ കമ്പനി അറിയിച്ചു. തീരപ്രദേശങ്ങളിലെ ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്ന് ജപ്പാന് സര്‍ക്കാര്‍ അറിയിച്ചു.
ജപ്പാനിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടി വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ബന്ധപ്പെടേണ്ട ഹെല്പ്പ്ലൈന് നമ്പറുകള്‍ പ്രസിദ്ധീകരിച്ചു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും ജപ്പാന് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാനും ഇന്ത്യന്‍ എംബസി നിര്‍ദേശം നല്കി.
അതേസമയം, കിഴക്കന്‍ തീരങ്ങളില്‍ റഷ്യയും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര കൊറിയയുടെ കിഴക്കന്‍ ഗാങ്ഗോണ് പ്രവിശ്യയിലും ആളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.






