
ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ പുതിയെ ആരോപണങ്ങളുമായി ഗുസ്തി താരം സാക്ഷി മാലിക്. അമ്മയ്ക്കുൾപ്പെടെ ഭീഷണി കോളുകൾ എത്തുന്നതായും എല്ലാം ബ്രിജ് ഭൂഷന്റെ ആസൂത്രണമാണെന്നും സാക്ഷി മാലിക് പറഞ്ഞു.
‘വലിയ സ്വാധീനമുള്ളയാളാണ് ബ്രിജ് ഭൂഷൺ എന്ന് ഞങ്ങൾക്കറിയാമായിരുന്നു. തങ്ങളെ സുരക്ഷിതരാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ എന്റെ അമ്മയ്ക്കടക്കം ഭീഷണി കോളുകള്‍ നിരന്തരം വരുന്നുണ്ട്. കുടുംബത്തിലെ ആര്‍ക്കെങ്കിലുമെതിരെ കേസെടുക്കുമെന്നാണ് ഭീഷണിയെന്നും സാക്ഷി മാലിക് പറഞ്ഞു. ‘ഇപ്പോൾ ബ്രിജ് ഭൂഷൺ ഞങ്ങളുടെ കരിയർ തന്നെ നശിപ്പിച്ചു. ഞാൻ രാജ്യത്തിന് വേണ്ടി ഗുസ്തിയിൽ വെങ്കലം നേടി. എനിക്ക് കഴിയാത്തത് മറ്റേതെങ്കിലും പെൺകുട്ടികൾ നിറവേറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു ജൂനിയറും ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടരുത്. സാക്ഷി മാലിക് പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട പുതിയ ഫെഡറേഷനുമായോ അഡ്-ഹോക്ക് കമ്മിറ്റിയുമായോ ഞങ്ങൾക്കൊരു പ്രശ്നവുമില്ല. ബ്രിജ് ഭൂഷന്റെ സഹായി സഞ്ജയ് സിങ്ങുമായി മാത്രമാണ് ഞങ്ങൾക്ക് പ്രശ്നം. കഴിഞ്ഞ ഒരു വർഷമായി ഞാൻ മാനസികമായും ശാരീരികമായും തളർന്നു. ബ്രിജ് ഭൂഷന്റെ സഹായി പ്രസിഡന്റായി വരുമെന്ന് ഒട്ടും കരുതിയിരുന്നില്ല. ഇനി എന്ത് ചെയ്യുമെന്ന് തനിക്കറിയില്ലെന്നും സാക്ഷി കൂട്ടിച്ചേർത്തു.






