
ഹരിപ്പാട്: ക്ഷീരകര്‍ഷകയുടെ അഞ്ച് കറവപ്പശുക്കള്‍ ഗുരുതരാവസ്ഥയില്‍. വയര്‍ വീര്‍ത്ത് ശ്വാസം കിട്ടാതെയാണ് ഇവ ബുദ്ധിമുട്ടുന്നത്. കുമാരപുരം കാട്ടില്‍മാര്‍ക്കറ്റ് ആറ്റുപുറത്ത് തെക്കതില്‍ ടി.ഭാമിനി(76)യുടെ അഞ്ചു കറവപ്പശുക്കളാണ് ദിവസങ്ങളായി ഈ അവസ്ഥയിലുള്ളത്.
രണ്ടാഴ്ച മുമ്പ് ഇതേ അവസ്ഥയില്‍ ദിവസങ്ങളുടെ ഇടവേളകളില്‍ മൂന്നു കറവപ്പശുക്കള്‍ ചത്തിരുന്നു. വയര്‍ വീര്‍ത്ത് ചാണകവും മൂത്രവും പോകാതെ ശ്വാസം മുട്ടിയാണ് പശുക്കള്‍ ചത്തത്. ഇതേ അവസ്ഥയിലാണ് നിലവിലുള്ള അഞ്ചു കറവപ്പശുക്കള്ക്കുമുള്ളത്.
എട്ടു കറവപ്പശുക്കളും അഞ്ചു കിടാവുകളുമാണുണ്ടായിരുന്നത്.കുമാരപുരം വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ രണ്ടാഴ്ച മുമ്പ് ചത്ത പശുവിനെ പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു. വായു സംബന്ധമായ അസുഖം മൂലമാണ് പശു ചത്തതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുരുതരാവസ്ഥയിലുള്ള പശുക്കളെ ആലപ്പുഴയില്‍ നിന്നുള്ള ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുകയും ചാണകം, മൂത്രം, വയറിന്റെ ഉള്ളില്‍ നിന്നുള്ള സാമ്പിളുകള്‍ എന്നിവ പരിശോധനയ്ക്കായി ശേഖരിച്ചു.
പശുക്കള്‍ സമീപ പ്രദേശങ്ങളില്‍ നിന്നും തിന്നുന്ന കടകല്‍ എന്ന പുല്ലിനത്തില്‍ ചില മാസങ്ങളില്‍ വിഷാംശമുള്ളതായി പറയപ്പെടുന്നു. 25 വര്‍ഷത്തിന് മുകളിലായി ഭാമിനിയുടെയും കുടുംബത്തിന്റെയും ഉപജീവനമാര്‍ഗമായിരുന്നു പശുക്കള്‍. വെറ്റിനറി ഡോക്ടര്‍മാരുടെ സംഘമെത്തി രാത്രിയില്‍ ക്യാമ്പ് ചെയ്ത് പശുക്കളെ ചികിത്സ ആരംഭിച്ചിട്ടുണ്ട്.






