
ജോക്കര്‍, കുഞ്ഞിക്കൂനന്, അപരിചിതന് തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. സീതാരാമ രാജു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മന്യയുടെ അരങ്ങേറ്റം. പിന്നീട് തുടരെ ആറോളം തെലുങ്ക് സിനിമകളില്‍ താരം അഭിനയിച്ചു. 2000-ലാണ് മന്യ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. ദിലീപ് നായകനായ ജോക്കര്‍ എന്ന ചിത്രത്തില്‍ കമല എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മന്യ മലയാളികളുടെ മനസ്സിലേക്ക് കയറികൂടുന്നത്. ആദ്യ സിനിമ തന്നെ സൂപ്പര്‍ഹിറ്റായതോടെ മന്യയ്ക്ക് മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇത് കൂടാതെ മന്യ തമിഴിലും കന്നടയിലും അഭിനയിക്കുകയും ചെയ്തിരുന്നു.
2008-ല്‍ വിവാഹിതയായെങ്കിലും ആ ബന്ധം വേര്‍പിരിഞ്ഞ ശേഷം 2013-ല്‍ വീണ്ടും വിവാഹിതയായി. വികാസ് ബാജ്പേയ് എന്നാണ് ഭര്‍ത്താവിന്റെ പേര്. ഇരുവര്‍ക്കും ഒരു പെണ്‍കുട്ടി ആണ് ഉളളത്. കുടുംബത്തിന് ഒപ്പം അമേരിക്കയിലാണ് മന്യ ഇപ്പോള്‍.സിറ്റി ബാങ്കിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി അവിടെ ജോലി ചെയ്യുകയാണ് താരം ഇപ്പോള്‍.
കഴിഞ്ഞ ദിവസം ആയിരുന്നു മന്യയുടെ മകള്‍ ഓംഷികയുടെ എട്ടാം ജന്മദിനം. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ എല്ലാം മന്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹത്തിന് ജന്മദിനാശംസകള്. എന്റെ ആത്മാവ്, എന്റെ ഹൃദയം, ദൈവം എനിക്ക് നല്കിയ ഏറ്റവും നല്ല അനുഗ്രഹം എന്നിവയാണ് എന്റെ രാജ്ഞി ഓംഷിക, എന്റെ ഓമു.
ദൈവം നിന്നെ എപ്പോഴും സംരക്ഷിക്കട്ടെ, സുരക്ഷിതമായി സൂക്ഷിക്കുകയും നല്ല ആരോഗ്യവും സന്തോഷവും നല്കി അനുഗ്രഹിക്കുകയും ചെയ്യട്ടെ. എന്റെ പ്രിയ മകളേ, നിങ്ങള്‍ എന്റെ ജീവിതം വളരെ വിലപ്പെട്ടതാക്കി. നിന്റെ ദയയുള്ള ഹൃദയത്തിലും നീ എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്ന രീതിയിലും അമ്മ അഭിമാനിക്കുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു ഓമി' എന്നാണ് മന്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.






