
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ വീടുവളഞ്ഞ് പിടിച്ച പോലീസ് നടപടി രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതിനിടെ ഇൗ സംഭവത്തില്‍ സി.പി.എമ്മിനുള്ളിലും അതൃപ്തി. സര്‍ക്കാരിനെതിരേ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസിനു കിട്ടിയ പുതിയ ആയുധമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്. ഇത് ആയുധമാക്കി വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭത്തിനാണ് കോണ്‍ഗ്രസിന്റെ നീക്കം.
അതിനിടെ, പോലീസ് നടപടിക്കെതിരേ ഇടതുമുന്നണിയിലടക്കം അതൃപ്തി രൂപപ്പെട്ടു. സാമൂഹികമാധ്യമങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇടതു പ്രൊെഫെലുകള് ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. യു.ഡി.എഫിനു വടികൊടുത്തതുപോലെയായി ഈ സംഭവമെന്ന വിമര്‍ശനമാണ് പൊതുവേ ഉയര്‍ന്നത്. ആഭ്യന്തര വകുപ്പിനെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിയാണ് വിമര്ശനമധികവും. പരോക്ഷമായി പിണറായി വിജയനെതിരേയും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പൊന്തി.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചതുള്‍പ്പെടെയുള്ള കേസുകളുകളുടെ നിഴലിലായിരുന്ന യൂത്ത് കോണ്‍ഗ്രസിനും രാഹുല്‍ മാങ്കൂട്ടത്തിലിനും പുതുജീവന്‍ നല്കാന് മാത്രമാണ് പോലീസ് നടപടി ഉപകരിക്കുകയെന്നാണ് ഇടതുവിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. സംഘടനയ്ക്കുള്ളില്‍ തന്നെ മാങ്കൂട്ടത്തിലിനെതിരേ ശക്തമായ പടയാണ് ഒരുങ്ങിയത്. അത് ഈ നീക്കത്തോടെ ഇല്ലാതായെന്നും എതിര്‍ത്തവര്‍ പോലും രാഹുലിനൊപ്പം നിലകൊള്ളാന്‍ നിര്‍ബന്ധിതരായെന്നും ഇടതുകേന്ദ്രങ്ങള്‍ പറയുന്നു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിഷയത്തില്‍പോലും രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തു വിട്ടയയ്ക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് ധര്ണയിലുണ്ടായ പ്രതിഷേധത്തിന്റെ പേരില്‍ ഇത്രയും നാടകീയത കാട്ടി അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടിക്കു പിന്നില്‍ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യവും ഇടതുമുന്നണിയിലുണ്ട്.
വിഷയത്തെ സജീവമായി ഉപയോഗിക്കാന്‍ തന്നെയാണ് യു.ഡി.എഫിന്റെ തീരുമാനം. അയോധ്യാ വിഷയത്തിലുള്‍പ്പെടെ പ്രതിരോധത്തിലായ സമയത്ത് വീണുകിട്ടിയ അനുഗ്രഹമായാണ് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ ഇതിനെ കാണുന്നത്. ഇന്നു നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ക്കു രൂപം നല്‍കും. പിണറായിയുടെ നടപടിയെ മോദിയുടേതുമായി ബന്ധിപ്പിച്ച് ശക്തമായ പ്രചാരണത്തിനും തീരുമാനമുണ്ടാകും.
സംഭവം ഉണ്ടായ ഉടന്‍ ശക്തമായ പ്രതിഷേധങ്ങളുമായി കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കള്‍ രംഗത്തെത്തി. അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് പറഞ്ഞു. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പോലീസും പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂടഭീകരതയുടെ വക്താക്കളാകുന്നതെന്നും സതീശന് ആരോപിച്ചു.
കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, ബെന്നി ബെഹനഹ്നാന്, ഷാഫി പറമ്പില്‍, പി.കെ. കുഞ്ഞാലിക്കുട്ടി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന െവെസ് പ്രസിഡന്റ് അഡ്വ. അബിന്‍ വര്‍ക്കി തുടങ്ങിയവര്‍ പോലീസിനും സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി. കേരളത്തിലെ പോലീസ് രാജിന്റെ ഉദാഹരണമാണിതെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. സര് സി.പിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്െറ്റന്ന് കെ.പി.സി.സി. അധ്യക്ഷനും ആരോപിച്ചു.






