
ബിഹാറിലെ രാംഗഡ് ബ്ലോക്കില്‍ നിന്നുള്ള ധര്‍മേന്ദ്ര സിംഗ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ത്രിപുരയില്‍ സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ പേര് ധര്‍മേന്ദ്ര എന്നാണെങ്കിലും ഹാമര്‍ ഹെഡ് മാന്‍ എന്നാണ് എല്ലാവരും ഇദ്ദേഹത്തെ വിളിക്കുന്നത്. ഈ പേരങ്ങ് ചുമ്മാ കിട്ടിയതൊന്നുമല്ല. ധര്‍മ്മേന്ദ്രയുടെ ചില കഴിവുകള്‍ കണ്ട് ബോധ്യപ്പെട്ടപ്പോള്‍ കിട്ടിയ പേരാണ്.
ഗിന്നസ് ബുക്കിലും ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ്സിലും സ്ഥാനം പിടിച്ചയാളാണ് ധര്‍മ്മേന്ദ്ര. 57 തേങ്ങകള്‍ തന്റെ തലകൊണ്ട് തകര്‍ത്തതിനാണ് ധര്‍മ്മേന്ദ്രയ്ക്ക് റെക്കോര്‍ഡ്. കൈമൂര്‍ ജില്ലയിലെ പുരാതന ക്ഷേത്രമായ മാ മുണ്ടേശ്വരി ധാം സന്ദര്‍ശിക്കുകയായിരുന്നു ധര്‍മ്മേന്ദ്ര സിംഗ്. അപ്പോഴാണ് തേങ്ങ നിലത്തെറിഞ്ഞുടയ്ക്കുന്ന ആചാരം കാണുന്നത്. എന്നാല്‍, വളരെ വ്യത്യസ്തമായ രീതിയില്‍ അത് ചെയ്യാനായിരുന്നു ധര്‍മ്മേന്ദ്രയ്ക്ക് താല്പര്യം. തന്റെ തലകൊണ്ട് തേങ്ങ പൊട്ടിക്കാനായിരുന്നു ധര്‍മ്മേന്ദ്ര തീരുമാനിച്ചത്.
ആദ്യം അത് കഠിനമായ അനുഭവമായിരുന്നു. തല പൊട്ടുന്ന അവസ്ഥ വരേയും ഉണ്ടായി. എന്നാല്‍, ധര്‍മ്മേന്ദ്രയ്ക്ക് തന്റെ ശ്രമത്തില്‍ നിന്നും പിന്തിരിയാന് യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. ആദ്യം മാ മുണ്ടേശ്വരി ധാമിലും പിന്നീട് ബനാറസിലെ സങ്കത്മോചന്‍ ക്ഷേത്രത്തിലും ധര്‍മ്മേന്ദ്ര തല കൊണ്ട് തേങ്ങ പൊട്ടിച്ചു. പയ്യെപ്പയ്യെ തല പൊട്ടാതെ വേദനിക്കാതെ അത് ചെയ്യാമെന്നായി. ഒടുവില്‍ 57 തേങ്ങകള്‍ തല കൊണ്ട് തകര്‍ത്ത് ധര്‍മ്മേന്ദ്ര റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. അങ്ങനെയാണ് ഗിന്നസ് ബുക്കിലും ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ്സിലും ധര്‍മ്മേന്ദ്ര ഇടം നേടുന്നത്.






