
ഗുരുവായൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ സിനിമാതാരം സുരേഷ് ഗോപി സമ്മാനിക്കുക സ്വർണ തളിക. കരവിരുതിൽ വിദഗ്ധനായ അനു അനന്തനാണ് സ്വർണ തളിക നിർമ്മാണത്തിന് പിന്നില്‍. എസ് പി ജി ഉദ്യോഗസ്ഥർ തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുന്‍പ് പരിശോധ നടത്തി. പ്രധാനമന്ത്രി നാളെ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാനാണ് ഗുരുവായൂരിൽ എത്തുന്നത്.
ഇന്ന് വൈകിട്ടോടെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുക. നെടുമ്പാശേരിയിൽ വൈകിട്ട് ആറരയ്ക്ക് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്തെത്തും. തുടർന്ന് കെ പി സി സി ജംങ്ഷനിലെത്തി റോഡ് ഷോയിൽ പങ്കെടുക്കും. കെ പി സി സി ജംഷ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോമീറ്റർ റോഡ് ഷോ രാത്രി 7 നും എട്ടിനും ഇടയ്ക്കാണ് ക്രമീകരിച്ചിരിക്കുന്നത്.
രാത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ- തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരൂവായൂർക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റു രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കും. ഇതിന് ശേഷമാകും ദില്ലിയിലേക്ക് മടങ്ങുക.






