
തിരുവനന്തപുരം : ആദ്യമായി കേസില്‍ ഉള്‍പ്പെട്ട് പത്തു വര്‍ഷം വരെ ശിക്ഷ അനുവഭിവിക്കുന്നവര്‍ക്ക് ഒറ്റതവണ ഇളവ് നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശിക്ഷാ ഇളവ് ഇല്ലാതെ പകുതി തടവ് അനുഭവിച്ചവർക്ക് ഇളവ് നൽകാനുള്ള മാർഗ നിർദ്ദേശം അംഗീകരിച്ചു.സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് തീരുമാനം. സ്ത്രീകൾക്കും കുട്ടികൾക്കുനേരെയുള്ള അതിക്രമം , ലഹരി കേസുകൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് ഇളവ് ലഭിക്കില്ല.
കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയായി റിട്ട. ഐ പി എസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ നിയമിക്കാൻ തീരുമാനിച്ചു. ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് അകാല വിടുതൽ നൽകേണ്ടതില്ലെന്നും തീരുമാനമായി. സംരക്ഷകൻ എന്ന് നടിച്ച് ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തി കൊലപ്പെടുത്തിയ പ്രതി പ്രകാശന്റെ അകാല വിടുതൽ ശുപാർശ ചെയ്യേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.
യഹോവ സാക്ഷികളുടെ പ്രതിനിധി യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്ക് കൂടി 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
മന്ത്രിസഭായോഗ തീരുമാനങ്ങൾ
തേനീച്ച-കടന്നൽ ആക്രമണം; ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം
തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കാവുന്നതാണെന്ന് വ്യക്തത വരുത്തി, 25.10.2022-ലെ ഉത്തരവ് ഭേദഗതി ചെയ്തു. ഭേദഗതിക്ക് 25.10.2022 മുതൽ മുൻകാല പ്രാബല്യം നൽകി.
ഡോ. ബി സന്ധ്യ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറി
കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയായി റിട്ട. ഐ പി എസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ നിയമിക്കാൻ തീരുമാനിച്ചു.
ഒറ്റതവണ ശിക്ഷ ഇളവ് ; മാർഗനിർദേശങ്ങളുടെ കരട് അംഗീകരിച്ചു
ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ട് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ച, പകുതി തടവ് ശിക്ഷ (ശിക്ഷായിളവ് ഉൾപ്പെടാതെ ) പൂർത്തിയാക്കിയ കുറ്റവാളികൾക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിന് മാർഗനിർദേശങ്ങള്‍ അംഗീകരിച്ചു.
കളമശ്ശേരി സ്ഫോടനം; അഞ്ച ലക്ഷം വീതം നഷ്ടപരിഹാരം
കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രതിനിധി യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെട്ട 3 പേരുടെ കുടുംബങ്ങൾക്ക് കൂടി 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കും.
ഭിന്നശേഷിക്കാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് അകാല വിടുതൽ നൽകില്ല
ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് അകാല വിടുതൽ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. സംരക്ഷകൻ എന്ന് നടിച്ച് ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തി കൊലപ്പെടുത്തിയ പ്രതി പ്രകാശന്റെ അകാല വിടുതൽ ശുപാർശ ചെയ്യേണ്ടതില്ലെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പലതരത്തിൽ ചൂഷണം ചെയ്തശേഷം നിഷ്കരുണം കെലപ്പെടുത്തുകയാണ് പ്രതി ചെയ്തത് എന്നത് വിലയിരുത്തിയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും വിടുതൽ ഹർജി നിരസിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്തത്.
നിയമനം
ഹൈക്കോടതിയിലെ നിലവിലെ ഒരു സീനിയർ ഗവ. പ്ലീഡറുടെയും മൂന്ന് ഗവ. പ്ലീഡർമാരുടെയും ഒഴിവുകളിൽ നിയമനം നടത്തും. സീനിയർ ഗവൺമെന്റ് പ്ലീഡറായി അഡ്വ. ഇ. ജി. ഗോർഡനെ നിയമിക്കും. മൂന്ന് ഗവൺമെന്റ് പ്ലീഡർമാരുടെ തസ്തികകളിലേക്ക് അഡ്വ. അജിത് വിശ്വനാഥൻ, അഡ്വ. ബിനോയി ഡേവിസ്, അഡ്വ. ടോണി അഗസ്റ്റിൻ എന്നിവരെയും നിയമിക്കും.
തുടരാൻ അനുവദിക്കും
പൊതുവദ്യാഭ്യാസ വകുപ്പിൽ നിന്നും വർക്കിംഗ് അറേഞ്ച്മെൻ്റ് വ്യവസ്ഥയിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാരായി നിയമിച്ച അധ്യാപകരെ 2024 - 2025 അധ്യയന വർഷം ആരംഭിക്കുന്നതു വരെ (31.05.2024 വരെ) തുടരാൻ അനുവദിക്കും. അധ്യാപകരെ വർക്കിംഗ് അറേഞ്ച്മെൻ്റിൽ നിയോഗിക്കുമ്പോൾ സ്കൂളുകളിൽ നിയമിക്കുന്നതിന് പ്രൊട്ടക്ടഡ് അധ്യാപകരെ ലഭിക്കാത്ത അവസരങ്ങളിൽ അധിക സാമ്പത്തിക ബാദ്ധ്യത ഇല്ലാതെ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കാവുന്നതും ഇതിനുള്ള വേതനം കൈറ്റ് സ്കൂളുകൾക്ക് നൽകേണ്ടതുമാണ് എന്ന് വ്യവസ്ഥ ചെയ്യും. ഇതുപ്രകാരം 28.07.2023 ലെ ഉത്തരവ് ഭേദഗതി ചെയ്യും.
പുനർവിന്യസിക്കും
പവർഗ്രിഡിന്റെ 400 കെ.വി ഇടമൺ - കൊച്ചി ട്രാൻസ്മിഷൻ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്പെഷ്യൽ തഹസിൽദാർ (എൽ.എ) പവർഗ്രിഡ്, കൊല്ലം യൂണിറ്റിന്റെ പ്രവർത്തനം നിർത്തലാക്കി പ്രസ്തുത യൂണിറ്റിൽ ജോലി ചെയ്യുന്ന 11 ജീവനക്കാരെ പുനർവിന്യസിക്കും. ഇടുക്കി ജില്ലയിൽ രവീന്ദ്രൻ പട്ടയം റദ്ദാക്കലും, അർഹമായ കേസുകളിൽ പുതിയ പട്ടയങ്ങൾ അനുവദിക്കുന്നതിനുമുള്ള ലാൻഡ് അസൈൻമെൻ്റ് യൂണിറ്റ് താൽക്കാലികമായി ഒരുവർഷത്തേയ്ക്ക് രൂപീകരിച്ചാണ് പുനർവിന്യസിക്കുക.
ടെണ്ടറിന് അംഗീകാരം
31.03.2024ന് അമൃത് പദ്ധതി അവസാനിക്കുന്നത് പരിഗണിച്ച് ആലപ്പുഴ നഗരസഭയിൽ അമൃത് പദ്ധതിയുടെ അർബൻ ട്രാൻസ്പോർട്ട് സെക്റ്ററിനു കീഴിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് അറ്റ് നെഹ്റു ട്രോഫി സ്റ്റാർട്ടിങ്ങ് പോയിന്റ് എന്ന പ്രവൃത്തിക്ക് 20.48% മുകളിൽ ക്വോട്ട് ചെയ്തിട്ടുള്ള ടെണ്ടർ എക്സസിന് അംഗീകാരം നല്കി. ടെണ്ടർ എക്സസ്സിൻ്റെ 50% നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും ബാക്കി 50% അമൃതിന്റെ സംസ്ഥാന വിഹിതത്തിൽ നിന്നും വഹിക്കുന്നതിനു അനുമതി നൽകി.





