ഗുവാഹത്തി: മ്യാന്മറില് വിഘടനവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ പിന്തിരിഞ്ഞോടിയ സൈന്യം മിസോറാമില്‍ അഭയം തേടിയതായി സംസ്ഥാന സര്‍ക്കാര്‍. നൂറുകണക്കിന് മ്യാന്മര് സൈനികര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്ന് മിസോറാം സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്കി. ഈ സൈനികരെ എത്രയും വേഗം കണ്ടെത്തി തിരിച്ചയക്കണമെന്നും മിസോറാം ആവശ്യപ്പെട്ടു.
വെസ്റ്റേണ്‍ മ്യാന്മറിലെ രഖിനെയില്‍ സൈന്യത്തിന്റെ ക്യാപ് അരകന്‍ ആര്‍മി (AA) എന്ന വംശീയ സായുധ സംഘം ആക്രമിച്ചു കീഴടക്കിയതോടെ 600 ഓളം വരുന്ന സൈനികര്‍ അതിര്‍ത്തി കടന്ന് മിസോറായിലെ ലോങ്ത്ലായി ജില്ലയില്‍ അഭയം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അസ്സം റൈഫിള്‍സിന്റെ ക്യാംപിലാണ് ഇവര്‍ക്ക് അഭയം നല്‍കിയിരിക്കുന്നത്. മിസോറാമിലെ സാഹചര്യം ഷില്ലോംഗില്‍ നടന്ന വടക്കുകിഴക്കന്‍ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രി ലല്ദുഹോമ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ധരിപ്പിച്ചു.
മ്യാന്മര് സൈനികരെ എത്രയും വേഗം സ്വദേശത്തേക്ക് മടക്കി അയക്കണമെന്നാണ് മിസോറാമിന്റെ ആവശ്യം. ഇവര്‍ മിസോറാമില്‍ തുടരുന്നത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കുമെന്നും അത് മേഖലയുടെ സുസ്ഥിരതയ്ക്ക് വിഘാതമാകുമെന്നും മിസോറാം പറയുന്നു. അഭയം തേടിവന്നവരെ മാനുഷിക പരിഗണന വച്ചാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ സൈനികര്‍ എത്തി അഭയം സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍പ് അവരെ വിമാനമാര്‍ഗം തിരികെ എത്തിന്നു. 450 ഓളം പേരെ ഇത്തരത്തില്‍ തിരിച്ചയച്ചിരുന്നു.






