
പാലക്കാട് : മലബാറിലെ മുസ്ലിം ലീഗ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ അയോധ്യയിലെ രാമക്ഷേത്രം ആയുധമാക്കി സി.പി.എം. കരുനീക്കം. ഉടന്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യൂനപക്ഷ വോട്ടുകളാണു സി.പി.എമ്മിന്റെ പ്രതീക്ഷ. കഴിഞ്ഞതവണ നരേന്ദ്രമോദിയുടെ രണ്ടാംവരവ് തടയാന്‍ ലക്ഷ്യമിട്ടാണു കേരളത്തില്‍ യു.ഡി.എഫ്. തരംഗം ആഞ്ഞടിച്ചതെന്നും ഇക്കുറി ന്യൂനപക്ഷപിന്തുണയടക്കം തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നും ഇടതുമുന്നണി കരുതുന്നു.
ലീഗിന്റെ സ്വാധീനമേഖലകളില്‍ സമസ്തയിലൂടെ കടന്നുകയറുകയാണു ലക്ഷ്യം. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കേരളത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞ പ്രതിഷേധങ്ങളിലേറെയും െസെബര്‍ സഖാക്കളുടേതായിരുന്നു. സി.പി.എം. നേതാക്കളും പരസ്യപ്രസ്താവനയുമായിറങ്ങി. അയോധ്യാ വിഷയത്തില്‍ ലീഗ് പുലര്‍ത്തിയ സംയമനം ചര്‍ച്ചയാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ലീഗ് മുഖപത്രമായ ചന്ദ്രികയില്പ്പോലും അയോധ്യ ആഘോഷമാക്കിയതില്‍ പ്രതിഷേധമുയര്ന്നില്ലെന്നാണ് ആരോപണം.
ലീഗിന് എക്കാലവും സമസ്ത നല്‍കിയിരുന്ന പിന്തുണയിളക്കാന് കെ.ടി. ജലീല്‍ മുഖേന സി.പി.എം. നടത്തിയ ശ്രമം ഫലിച്ചിരുന്നില്ല. സമസ്തയെ ലീഗില്‍നിന്ന് അടര്‍ത്താതെ മലബാറിലെ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനാവില്ലെന്ന് വ്യക്തമായതോടെ പുതിയ കരുനീക്കങ്ങള്‍ ആരംഭിച്ചു. വഖഫ് ബോര്‍ഡ് നിയമനവിഷയത്തില്‍ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതു തുറുപ്പുചീട്ടുമായി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ചില രാഷ്ട്രീയപ്രസ്താവനകളോട് അതൃപ്തിയുള്ളവരാണു സി.പി.എമ്മിനോട് അടുക്കുന്നത്. മുജാഹിദ് പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ ലീഗിന്റെ നേതൃസ്ഥാനങ്ങളിലെത്തിയതും സമസ്തയുടെ അനിഷ്ടത്തിനിടയാക്കി.






