
വാഴൂര്‍: മകന്റെ വിവാഹ ദിനത്തില്‍ ക്യാന്‍സര്‍ ബാധിതര്‍ക്കും ഡയാലിസിസിന് വിധേയരാകുന്നവര്ക്കുമുള്ള ക്ഷേമ പദ്ധതിക്ക് ഒരു ലക്ഷം രൂപ സംഭാവന നല്കി മാതാപിതാക്കള്‍. ഇളമ്പള്ളി പാലക്കല്‍ കുടുംബാംഗവും വാഴൂര്‍ നിവാസിയുമായ അശോക് കുമാറിന്റെയും ബീനാദാസിന്റെയും മകന് അര്‍ജുന്റെയും കറുകച്ചാല്‍ കൂത്രപ്പള്ളി ചിറയില്‍ വീട്ടില്‍ സി.ഒ. അനുവിന്റെയും ലാലിയുടെയും മകള്‍ അതുല്യയുടെയും വിവാഹ ദിനത്തിലാണ് അര്‍ജുന്റെ മാതാപിതാക്കള്‍ പഞ്ചായത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ക്യാന്‍ ശ്രീ പദ്ധതിക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയത്.
കുടുംബശ്രീയുടെ 25-മത് വാവാര്ഷികത്തോടനുബന്ധിച്ചാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. അരലക്ഷം രൂപയാണ് ഓരോ മാസവും ക്യാന്‍സര്‍ ബാധിതര്‍ക്കും ഡയാലിസിസി ന് വിധേയരാകുന്നവര്‍ക്കും കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ മുഖേന നല്‍കുന്നത്. പഞ്ചായത്ത് പ്രദേശത്തെ ഓരോ കുടുംബശ്രീ അംഗവും 200 രൂപ വീതം സംഭാവന നല്‍കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
5 ലക്ഷം രൂപയാണ് ഇങ്ങനെ സ്വരൂപിച്ച് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. എട്ടുമാസം പിന്നിട്ട പദ്ധതിക്ക് അവസാന മാസങ്ങളില്‍ വിതരണത്തിന് പണത്തിന് കുറവുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ മാതൃകാപരമായി സംഭാവന നല്കിയ പാലക്കല്‍ കുടുംബത്തിന്റെ പ്രവര്‍ത്തി തികച്ചും അഭിനന്ദനാര്‍ഹമാണെന്നും സുമനസുകളുടെ സഹായത്തോടുകൂടി പദ്ധതി കൂടുതല്‍ വിപുലമാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. റെജി അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി, വൈസ് പ്രസിഡന്റ് ഡി സേതുലക്ഷ്മി സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിജി നടുവത്താനി , ശ്രീകാന്ത് .പി. തങ്കച്ചന് ജനപ്രതിനിധികളായ ഓമന അരവിന്ദാക്ഷന്,നിഷ രാജേഷ്, സൗദ ഇസ്മയില്‍, എസ് .അജിത് കുമാര്‍, സിന്ധു ചന്ദ്രന് , ജിബി പൊടിപാറ,പി .ജെ. ശോശാമ്മ കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ സ്മിത ബിജു, വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു രാമര്‍ എന്നിവര്‍ ചേര്‍ന്ന തുക ഏറ്റുവാങ്ങി. അര്ജുന് ഓസ്ട്രേലിയയില്‍ വെയര്‍ ഹൗസ് മാനേജരായും അതുല്യ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിലെ ബാംഗ്ലൂര്‍ ശാഖയില്‍ അസിസ്റ്റന്റ് മാനേജരുമാണ്.
നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായമായി പതിനേഴാംെമെല്, ഇളമ്പള്ളി എസ്.എന്‍.ഡി.പി ശാഖകള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്കി. എസ്.എന്‍.ഡി.പി. ഭാരവാഹികളായ കെ.ജ്യോതിലാല്‍, പി.കെ. ശശി, പി.എ അനിയപ്പന് എന്നിവര്‍ തുക ഏറ്റുവാങ്ങി.






