
അയോധ്യയിലെ രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന് പിന്നാലെ സമുച്ചയത്തിന്റെ ആദ്യ ദിവസം ദര്‍ശനം നടത്താന്‍ എത്തിയത് അഞ്ച് ലക്ഷത്തോളം ഭക്തര്‍. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടം എത്തിയതിനെ തുടര്‍ന്ന് അടിയന്തര യോഗങ്ങള്‍ നടത്താന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ സ്ഥലത്ത് നേരിട്ടെത്തി സന്ദര്‍ശനവും നടത്തി. രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെ നല്‍കിയിരുന്ന ദര്‍ശന സമയത്തിനിടയില്‍ പതിനായിരക്കണക്കിന് ആള്‍ക്കാരാണ് ദര്‍ശനം നടത്തിപ്പോയത്.
ഏഴൂമണിക്ക് തുറക്കുന്ന ക്ഷേത്രത്തിന് മുന്നില്‍ അതിശൈത്യമാര്‍ന്ന സാഹചര്യത്തില്‍ പുലര്‍ച്ചെ മൂന്നുമണി മുതല്‍ ആള്ക്കാര് ക്ഷേത്ര കവാടത്തില്‍ ക്യൂ നിന്നിരുന്നു. അതിനിടയില്‍ അയോദ്ധ്യക്കാര്ക്ക് ആദ്യ ദര്‍ശനത്തിന് അവസരം നല്‍കണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ക്യൂ നീണ്ടതോടെ ദര്‍ശനത്തിനായി ഭക്തര്‍ക്ക് നാലും അഞ്ചും മണിക്കൂറുകള്‍ വരെയാണ് കാത്തിരിക്കേണ്ടി വന്നത്. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടം വന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി തിരക്കുകൂട്ടരുതെന്ന് ജനക്കൂട്ടത്തോട് അഭ്യര്‍ത്ഥിച്ചു.
തിരക്ക് നിയന്ത്രിക്കാന്‍ 8000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം ഭക്തര്‍ രാമക്ഷേത്ര സമുച്ചയം സന്ദര്‍ശിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മണിക്കൂറുകള്‍ കഴിയുന്തോറും ജനക്കൂട്ടം പെരുകിപ്പെരുകി വരികയും ഉച്ചയോടെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയിലേക്ക് വളരുകയും ചെയ്തു. ക്ഷേത്ര നഗരിയിലെ തെരുവുകളില്‍ ഭക്തര്‍ ഒഴുകിയെത്തിയതിനാല്‍ പ്രധാന പാതയായ രാംപഥ് ശ്വാസം മുട്ടി.
ക്ഷേത്രത്തിലേക്കുള്ള രാമജന്മഭൂമി പാതയില്‍ പുലര്‍ച്ചെ 3 മണി മുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ തുടങ്ങി. ഇവരില്‍ ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകരും അറിയപ്പെടുന്നവരും ഉള്‍പ്പെടുന്നു. ബീഹാറിലെ മധേപുര ജില്ലയില്‍ നിന്നുള്ള നിതീഷ് കുമാര്‍ 600 കിലോമീറ്ററിലധികം സൈക്കിള്‍ ചവിട്ടിയാണ് അയോധ്യയിലെത്തിയത്. ക്ഷേത്ര സമുച്ചയത്തിലേക്കുള്ള പ്രവേശനം രാവിലെ 7 മണി മുതലാണ് ആരംഭിച്ചത്.
രാവിലെ 6 മണിയോടെ, 566 മീറ്റര്‍ നീളമുള്ള രാമജന്മഭൂമി പാത പൂര്‍ണ്ണമായും നിറഞ്ഞിരുന്നു. രാത്രി 8.30 വരെ ഏകദേശം നാല് ലക്ഷത്തോളം ആളുകള്‍ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അയോധ്യ ഡിവിഷണല്‍ കമ്മീഷണര്‍ ഗൗരവ് ദയാല്‍ പറഞ്ഞു, ഉച്ചയ്ക്ക് 2 മണിയോടെ ഈ കണക്ക് ഏകദേശം 2.5 ലക്ഷമായിരുന്നു. സന്ദര്‍ശകരുടെ അവസാന പ്രവേശനം രാത്രി 10 മണിക്കായിരുന്നു. പരമ്പരാഗത നാഗര ശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്ര സമുച്ചയം കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 380 അടി നീളവും 250 അടി വീതിയും ഒടുവില്‍ 'ശിഖറി'ല്‍ 161 അടിയായി ഉയരും.






