
അയോദ്ധ്യ: ജനുവരി 22 ന് പ്രധാനമന്ത്രി പ്രാണ്‍ പ്രതിഷ്ഠ നടത്തിയതിന് പിന്നാലെ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരുടെ വന്‍ തിരക്കാണ്. ക്ഷേത്ര ഉദ്ഘാടനം നടന്ന ജനുവരി 22 ദിവസം ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനിലൂടെ മാത്രം കിട്ടിയത് 3.17 കോടി രൂപ. ക്ഷേത്രം ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം വന്ന പണമാണ് ഇത്. അതേസമയം ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള 10 കാണിക്കപ്പെട്ടിയില്‍ വീണിട്ടുള്ള പണം ബാങ്കില്‍ എത്തിച്ചിട്ടുണ്ടെങ്കിലും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല.
പ്രതിഷ്ഠാ ദിനത്തിന് പിന്നാലെ ബുധനാഴ്ച ക്ഷേത്രത്തില്‍ അഞ്ചുലക്ഷം പേരോളം ദര്‍ശനം നടത്തി. വലിയ തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ശാന്തമായി വന്ന് ദര്‍ശനം നടത്തുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ട്രസ്റ്റ്. ബുധനാഴ്ച ക്ഷേത്രത്തില്‍ സമര്‍പ്പിക്കപ്പെട്ട കാണിക്കയില്‍ 80 കിലോയുള്ള ഒരു വാളും ഉള്‍പ്പെട്ടിട്ടുണ്ട്. മുംബൈയില്‍ നിന്നും കൊണ്ടുവന്ന നന്ദക് എന്ന് പേരിട്ടിട്ടുളള വാളാണ് ഇത്. നീലേഷ് അരുണ്‍ എന്നയാളാണ് ഈ വാള് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പുരാതന കാലത്തെ വാളാണെന്നും ഛത്രപതി ശിവജിയുടെ കാലത്ത് അദ്ദേഹത്തിന്റെ സൈനികര്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണെന്നുമാണ് അവകാശവാദം. ഏഴടി ഉയരവും മൂന്ന് ഇഞ്ച് വീതിയും 80 കിലോ ഭാരവുമുള്ള വാള് സ്വര്‍ണ്ണവും പിച്ചളയൂം കലര്‍ന്നതാണ്.
അതിനിടയില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിര്‍മ്മിച്ച അരുണ്‍ യോഗിരാജിന് ബംഗലുരുവില്‍ വന്‍ സ്വീകരണമാണ് കിട്ടിയത്. കെമ്പാഗൗഡ വിമാനത്താവളത്തില്‍ ബുധനാഴ്ച വിമാനമിറങ്ങിയ അരുണ്‍ യോഗിരാജിന് വലിയ സ്വീകരണമാണ് കിട്ടിയത്. ബിജെപി പ്രവര്‍ത്തകരും ഇയാളുടെ ആരാധകരുമുള്‍പ്പെടെ വലിയ ജനക്കൂട്ടം മൈസൂരുകാരനായ അരുണിനെ സ്വീകരിക്കാനെത്തി. തിരക്ക് കൂടിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി മാധ്യമപ്രവര്‍ത്തകരെയും ജനക്കൂട്ടത്തെയുമൊക്കെ നിയന്ത്രിച്ചത്.






