കൊച്ചി: മസാലബോണ്ട് കേസില്‍ കിഫ്ബിയെ വിമര്‍ശിച്ച് ഹൈക്കോടതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിരവധി പേര്‍ക്ക് സമന്‍സ് അയക്കുന്നുണ്ട്. എല്ലാവരും സമന്‍സിനെ ഭയക്കുന്നത് എന്തിനാണ്. സമന്‍സ് അനുസരിക്കാത്തത് എന്തുകൊണ്ടാണ്. സമന്‍സ് കിട്ടിയാല്‍ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാന്‍ കഴിയില്ല. കേസില്‍ ഇ.ഡിയുടെ അന്വേഷണം തടയാനാവില്ല. അന്വേഷണത്തിന് വേണ്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കിഫ്ബിക്ക് ബാധ്യതയുണ്ടെന്നും ഹൈക്കോാടതി ചൂണ്ടിക്കാട്ടി. പ്രാഥമിക അന്വേഷണത്തിനാണ് ഇ.ഡി രേഖകള്‍ ആവശ്യപ്പെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇ.ഡിയുടെ സമന്‍സിനെതിരെ കിഫ്ബി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ഇ.ഡി ആറ് തവണ സമന്‍സ് അയച്ചുവെന്നും ഹാജരാകുന്ന ഉദ്യോഗസ്ഥരെ ഇ.ഡി ഉപദ്രവിക്കുകയാണെന്നും ഇതാണ് ചോദ്യം ചെയ്യുന്നതെന്നും കിഫ്ബി സിഇഒ മറുപടി നല്കി.
ഇ.ഡിയുടെ മറുപടി സത്യവാങ്മൂലത്തില്‍ വിശദീകരണം നല്കാന് കിഫ്ബി സാവകാശം തേടി. ഇതിനായി ഹര്‍ജി ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. അന്വേഷണം ഒരുഘട്ടത്തിലും തടസ്സപ്പെടുത്തില്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു.






