
ന്യൂഡൽഹി: രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് മുഖ്യാതിഥിയായി എത്തുക. പ്രധാനമന്ത്രി ഡല്‍ഹിയിലെ യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്, വികസിത് ഭാരത് എന്നിവയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രമേയം.രാവിലെ 10.30 നാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത്.
സമസ്ത വിഭാഗങ്ങളിലും സ്ത്രീകൾ അണിനിരക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഇത്തവണത്തെ പ്രത്യേകത. റിപ്പബ്ലിക് ദിന പരേഡില്‍ ആദ്യമായി മൂന്ന് സേനകളിൽ നിന്നുള്ള വനിതാ ഓഫിസർമാരുടെ സംഘം ഒന്നിച്ച് മാര്‍ച്ച് ചെയ്യും. കര-നാവിക -വ്യോമ സേനകളിലെ 144 പേരാണ് പ്രത്യേക സംഘമായി മാർച്ച് ചെയ്യുക. ഡൽഹി പോലീസ് സംഘത്തെ നയിക്കുന്നത് മലയാളി ഡിസിപി ശ്വേത കെ സുഗതനാണ്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹി പൊലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയാകുകയാണ് തൃശ്ശൂര്‍ ചാലക്കുടി സ്വദേശിനി ശ്വേത കെ സുഗതൻ ഐപിഎസ്.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷാ വലയത്തിൽ ആണ് രാജ്യ തലസ്ഥാനം..പരേഡ് നടക്കുന്ന കർത്തവ്യപഥിലും മറ്റ ഇടങ്ങളിലുമായി 13000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.സേനകളുടെ മാർച്ച് കടന്നുപോകുന്ന കർത്തവ്യപഥ് മുതൽ ചെങ്കോട്ട വരെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി 10 മണി മുതൽ തന്നെ ഡൽഹി അതിർത്തികൾ അടച്ചിരുന്നു.ഡൽഹിയിൽ ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ എന്തയൊക്കെ പറയും എന്നതിനെ സംബന്ധിച്ച് ആകാംക്ഷയുണ്ട്. ജില്ലകളിൽ മന്ത്രിമാർ റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കും. നിയമസഭയിൽ രാവിലെ 9.30ന് സ്പീക്കർ എ.എൻ. ഷംസീർ പതാക ഉയർത്തും.






