
കൊച്ചി: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചര്‍ച്ച ഇന്ന് നടക്കാനിരിക്കെ ഗവര്‍ണര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. സ്വന്തമായി തീരുമാനം എടുത്ത് സംസ്ഥാനം ഭരിക്കാമെന്ന് ഗവര്‍ണര്‍ വിചാരിക്കേണ്ടെന്നും അതിനിവിടെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുണ്ടെന്നും ദേശാഭിമാനി മുഖപ്രസംഗത്തില്‍ എഴുതി.
'സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല. അതിനിവിടെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുണ്ട്.' മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. രാഷ്ട്രത്തലവനായ രാഷ്ട്രപതിയുടെ പ്രതിനിധിയായി നിയമിക്കുന്ന കേവല ഉദ്യോഗമാണ് ഗവര്‍ണര്‍ പദവി. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അധികാരമാണ് ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നത്. 'സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല' എന്നാണ് ലേഖനത്തിന് നല്‍കിയിട്ടുള്ള തലക്കെട്ട് തന്നെ.
ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യം വിസ്മരിച്ച് താനെന്തോ ദിവ്യനാണെന്ന മൂഢ ചിന്തയിലാണെന്ന് തോന്നുന്നു ഗവര്‍ണറെന്നും പരിഹസിക്കുന്നു. സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. ഇതിന് പിന്നാലെ നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ 68 പേജുകളുള്ള നയപ്രഖ്യാപന പ്രസംഗം 72 സെക്കന്റ് മാത്രമാക്കി വെട്ടിച്ചുരുക്കി ഗവര്‍ണര്‍ മടങ്ങിയിരുന്നു.
അവസാന ഖണ്ഡിക മാത്രമാണ് ഗവര്‍ണര്‍ വായിച്ചത്്. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാവും. ചോദ്യോത്തരവേളയക്ക്് ശേഷമായിരിക്കും നന്ദിപ്രമേയ ചര്‍ച്ച നടക്കുക. ഗവര്‍ണറുടെ നടപടികള്‍ രാഷ്ട്രീയ പ്രേരിതമായതിനാല്‍ എതിര്‍ക്കുന്നതില്‍ തെറ്റില്ലെന്നാണ് വിലയിരുത്തല്‍. ഗവര്‍ണറെയും സര്‍ക്കാരിനെയും വിമര്‍ശിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.






