
ബുര്‍ജ് ഖലിഫ എന്ന് കേള്‍ക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. കാരണം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ദുബായില്‍ സ്ഥിതിചെയ്യുന്ന ബുര്‍ജ് ഖലീഫ. ഗിന്നസ് റെക്കോര്‍ഡ് ഉള്‍പ്പെടെ നിരവധി ലോക റെക്കോര്‍ഡുകളാണ് ഈ കെട്ടിടത്തിന്റെ പേരിലുള്ളത്. ദുബായ് നഗരത്തിലെ ഏറ്റവും ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്ന് പോലും 160 നിലകളുള്ള ടവര്‍ വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പേരില്‍ ബുര്‍ജ് ഖലീഫ തുടരുമ്പോള്‍ ബിഹാറില്‍ നിന്നുള്ള ഒരു കെട്ടിടമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ബിഹാറിലെ 'ബുര്‍ജ് ഖലീഫ' എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്.
ഈ കെട്ടിടം സ്ഥിതിചെയ്യുന്നത് ബിഹാറിലെ മുസാഫര്‍പൂരിലാണ്. വെറും ആറടി മണ്ണില്‍ നിര്‍മ്മിച്ച ഈ അഞ്ചുനില കെട്ടിടം കാഴ്ചയില്‍ ഏറെ കൗതുകമാര്‍ന്നതാണ്. കെട്ടിടത്തിന്റെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ് കെട്ടിടത്തെ ഏറെ ജനപ്രിയമാക്കിയത്. മുസാഫര്‍പൂരിലെ ഗന്നിപൂര്‍ പ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വെറും ആറടി മാത്രമാണ് ഈ കെട്ടിടത്തിന്റെ നീളം. വീതി അതിനേക്കാള്‍ കുറവാണ്, അഞ്ചടി. ദിവസവും നിരവധി ആളുകളാണ് കെട്ടിടം കാണാനും ചിത്രങ്ങള്‍ എടുക്കാനും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും ആയി ഇവിടെയെത്തുന്നത്. 'ബിഹാറിന്റെ ബുര്‍ജ് ഖലീഫ' എന്നും 'ബിഹാറിന്റെ ഈഫല്‍ ടവര്‍' എന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ കെട്ടിടത്തിന് വിശേഷണം ലഭിച്ചു കഴിഞ്ഞു.
പരിമിതമായ സ്ഥലത്താണെങ്കിലും അടുക്കള, കുളിമുറി, കിടപ്പുമുറി തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടത്തെ മുഴുവന്‍ രണ്ടായി തിരിച്ച് ഒരു ഭാഗത്ത് ഗോവണിയും മറുഭാഗത്ത് മുറികളും വരുന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 2015 -ല്‍ സന്തോഷ് എന്ന വ്യക്തി തന്റെ ഭാര്യക്ക് വേണ്ടി നിര്‍മിച്ചതാണ് ഈ വീട്. വിവാഹശേഷം ആറടിമണ്ണ് വാങ്ങിയ ദമ്പതികള്‍ അവിടെ ഒരു വീട് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ഈ കെട്ടിടം വാണിജ്യ അവശ്യത്തിനായി വാടകയ്ക്ക് കൊടുത്തിരിക്കുകയാണെങ്കിലും ഈ നിര്‍മിതി കാണാന്‍ ദിവസേന എവിടെ എത്തുന്നത് നിരവധി ആളുകള്‍ ആണ്.






