
ലക്നൗ: സത്യേന്ദ്ര സിംഗ് ശെഖാവത്തിന്റെ കയ്യിലിരിക്കുന്നത് ഉയര്ന്ന ശമ്പളത്തില് ജോലി ചെയ്യാന് കഴിയുന്ന രണ്ടു ബിരുദങ്ങളാണ്. പക്ഷേ കക്ഷിക്കിഷ്ടം നല്ല ഒന്നാന്തരം ഹൈടെക് കാര്മോഷണം. ബി ടെക്കും എംബിഎ യും പാസ്സായ സത്യേന്ദ്ര എന്ന 43 കാരന് ഇതുവരെ മോഷ്ടിച്ചത് 100 കണക്കിന് കാറുകള്. പക്ഷേ സാധാരണഗതിയില് ചെറുകാറുകള് പൊക്കുന്ന പരിപാടിയില്ല. എല്ലാം എസ് യുവികളും. മോഷണത്തിലൂടെ സമ്പാദിച്ച കാറുകള് പിന്നീട് ഇയാള് അധോലോകനായകന് ബിഷ്ണോയിയുടെ സംഘത്തിന് കൈമാറി.
സുഹൃത്തുക്കളായ അനേകര് ജോലി ചെയ്തിരുന്ന ഒരു സര്വീസ് സെന്ററില് സത്യേന്ദ്ര പതിവായി സന്ദര്ശനത്തിന് എത്തിയിരുന്നു. കാറുകളുടെ ചേസിസിന്റെയും എഞ്ചിന്റേയും നമ്പറുകള് ഇവിടെ ജോലി ചെയ്യുന്നവരില് നിന്നും സമ്പാദിക്കും. അവരുടെ സഹായത്തോടെ കാറിന്റെ ഡ്യുപ്ലിക്കേറ്റ് കീ ഉണ്ടാക്കുകയും കാറില് ജിപിഎസ് ട്രാക്കര് ഘടിപ്പിക്കുകയും ചെയ്യും. പിന്നീട് ജിപിഎസിന്റെ സഹായത്തോടെ കാര് എവിടെയാണ് കിടക്കുന്നതെന്ന് കണ്ടെത്തിയ ശേഷം അവിടെ ചെന്ന് കാര് അടിച്ചുമാറ്റും.
ഈ കള്ളന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല് ചെറുകാറുകള് മോഷ്ടിക്കില്ല എന്നതാണ്. പൊക്കിയതെല്ലാം എസ് യുവികള് ആയിരുന്നു. കാബുകള് റെന്റിന് വിളിച്ചാണ് ഇയാള് താന് ടാര്ഗറ്റ് സെറ്റ് ചെയ്തിരിക്കുന്ന കാറിനടുത്തേക്ക് പോകുക. അതിന് ശേഷം കാറന്റെ വിന്ഡോ തകര്ത്ത് അകത്തുകയറി ഓടിച്ചുപോകും. പോകുന്നതിന് മുമ്പായി തകര്ക്കുന്ന ജനാലയുടെ സ്ഫടിക അവശിഷ്ടങ്ങള് സഹിതം കാറിന്റെ അവശിഷ്ടങ്ങളെല്ലാം തൂത്തുവാരിയശേഷമാണ് മടങ്ങുക. മോഷ്ടിക്കുന്ന കാര് ഇയാള് അധോലോകനായകന് ലോറന്സ് ബിഷ്ണോയി ഗ്യാംഗിലെ അംഗങ്ങള്ക്കാണ് കൈമാറുന്നത്. തിങ്കളാഴ്ച ഇയാള് അറസ്റ്റിലായതോടെയാണ് എല്ലാം പുറത്തുവന്നത്.
2023 ഡിസംബറിലാണ് പോലീസ് ഇയാള്ക്ക് വേണ്ടി തെരച്ചില് തുടങ്ങിയത്. ഈ സമയംകൊണ്ട് 100 എസ് യുവികള് ഇയാള് മോഷ്ടിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില് താന് കാര് വിറ്റിരുന്നത് ലോറസ് ബിഷ്ണോയിക്കാണെന്ന് ഇയാള് പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ നവംബറില് ദാരുല്ഷഫയില് നിന്നും ഒരു കറുത്ത എസ് യുവി മോഷ്ടിച്ച ഇയാള് അഞ്ചു ദിവസം കഴിഞ്ഞപ്പോള് മറ്റൊരു വെള്ള എസ് യുവിയും മോഷ്ടിച്ചു. 2023 ഡിസംബര് 28 ന് വിപുല്ഖണ്ഡ് നിവാസി ഗോംടി നഗര് പോലീസ് സ്റ്റേഷനില് പരാതി നല്കിയതോടെയാണ് വിവരങ്ങള് പുറത്തുവന്നത്. രാത്രിയില് വീടിന് പുറത്തുകിടന്ന തന്റെ ഫോര്ച്യൂണര് മോഷണം പോയതായി ഇയാള് പറഞ്ഞു.







Comments