
ബോളിവുഡിന് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. സ്വകാര്യ ജീവിതത്തില്‍ മാത്രമല്ല കരിയറിലും താരങ്ങള്‍ തിളങ്ങി നില്‍ക്കുകയാണ്. രണ്ടുപേരുടെയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ഏറെ ആഘോഷിച്ചതാണ്. രണ്‍ബീറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അനിമല്‍’ ഏറെ നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും നേടിയതാണ്. ഇപ്പോഴിതാ ആലിയയും രണ്‍ബീറും ഫിലിംഫെയർ അവാർഡുകൾ നേടിയിരിക്കുകയാണ്. ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിന് ആലിയയ്ക്ക് ഫിലിം ഫെയര്‍ കിട്ടിയപ്പോള്‍, ‘അനിമൽ’ എന്നീ ചിത്രത്തിലെ പ്രകടനത്തിനാണ് രൺബീറത് നേടിയത്. ആലിയ തന്നെയാണ് ഈ സന്തോഷം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടിരിക്കുന്നത്. ‘നൈസ് നൈറ്റ്...’ എന്ന് ഗുജറാത്തിയിലാണ് താരം ചിത്രം പങ്കിട്ട് കുറിച്ചിരിക്കുന്നത്. ഒപ്പം തന്റെ സിനിമയിലെ എല്ലാ ക്രൂവിനും സംവിധായകന് കരണ്‍ ജോഹറിനും സഹതാരമായ രണ്‍വീര്‍ കപൂറിനുമൊക്കെ ആലിയ നന്ദി കുറിച്ചിട്ടുണ്ട്.
ആലിയയുടെ ഈ പോസ്റ്റിനേക്കാള്‍ ശ്രദ്ധിക്കപ്പെടുന്നത് അമ്മായിയമ്മയായ നീതു കപൂറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. 2019 ല്‍ ആലിയയ്ക്കും രണ്‍ബീറിനും ഫിലിംഫെയര്‍ കിട്ടിയതുമായി ബന്ധപ്പെട്ടാണ് നീതുവിന്റെ പോസ്റ്റ്. ആലിയ-രൺബീറിന്റെ 2019 ഫിലിംഫെയർ വിജയത്തിൽ നിന്നുള്ള അന്നത്തെ ചിത്രങ്ങളും കഴിഞ്ഞ ദിവസത്തെ ഫിലിംഫെയര്‍ ചിത്രങ്ങളും പങ്കിട്ടാണ് നീതു കുറിച്ചിരിക്കുന്നത്.‘‘ഞാൻ രഹസ്യമായി പ്രാർത്ഥിച്ചു, 2019 വീണ്ടും ആവർത്തിക്കട്ടെ ( സഞ്ജു രാസി ) അത് വീണ്ടും സംഭവിച്ചതിൽ സന്തോഷമുണ്ട്... അഭിനന്ദനങ്ങൾ നിങ്ങൾക്ക് രണ്ടുപേർക്കും... അഭിമാനിക്കുന്നു വളരെ വളരെ അഭിമാനിക്കുന്നു..’’ എന്നാണ് നീതു കപൂറിന്റെ പോസ്റ്റ്. പോസ്റ്റിനു താഴെ നിരവധി ലവ് ഇമോജി ആലിയ കമന്റായി കുറിച്ചിട്ടുണ്ട്.






