
സാധാരണായായി മൂന്നും നാലും സഹോദരങ്ങളോ അതുമല്ലെങ്കില്‍ പത്തോ പതിനഞ്ചോ സഹോദരങ്ങളൊക്കെ നമ്മുക്കുണ്ടാകാം. എന്നാല്‍ 200 സഹോദരങ്ങള്‍ ഒക്കെ ആര്‍ക്കെങ്കിലുമൊക്കെ ഉണ്ടാകുമോ? വിശ്വസിക്കാന്‍ അല്പം പ്രയാസമാണെങ്കിലും ഇവിടെ ഇതാ തനിക്ക് 200 ലേറെ സഹോദരങ്ങള്‍ ഉണ്ടെന്ന ഡിഎന്‍എ ഫലത്തില്‍ ഞെട്ടിയിരിക്കുകയാണ് ന്യൂയോര്‍ക്ക് സ്വദേശിയായ ഒരു യുവതി. 24കാരിയായ ജാക്ലിന് ഫ്രോസൊലോണ് എന്ന യുവതിയാണ് 23ആന്‍ഡ് മീ (23andMe) നടത്തിയ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം കണ്ട് ഞെട്ടിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവതി തന്റെ കുടുംബ ചരിത്രം തിരിച്ചറിയുന്നത്. മറ്റൊരു പുരുഷനില്‍ നിന്നും സ്വീകരിച്ച പുരുഷ ബീജം ഉപയോഗിച്ചാണ് തന്റെ അമ്മ തനിക്ക് ജന്മം നല്‍കിയതെന്ന് യുവതി മനസ്സിലാക്കി.
തന്റെ അമ്മയയുള്പ്പെടെ 200 ലധികം പേര് ഈ വ്യക്തിയുടെ ബീജം സ്വീകരിച്ചതാണ് ഡിഎന്‍എ ഫലത്തിന് കാരണമെന്നും പിന്നീട് ജാക്ലിന് മനസ്സിലാക്കി. പുരുഷ ബീജം സ്വീകരിച്ചത് സംബന്ധിച്ച മെഡിക്കല്‍ രേഖകള്‍ താന്‍ നശിപ്പിച്ചിരുന്നതായി ജാക്ലിന്റെ അമ്മ വാര്‍ത്ത പുറത്ത് വന്നശേഷം വെളിപ്പെടുത്തി. മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും ഈ സംഭവം തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് യുഎസ്എ ടുഡേക്ക് (USA Today) നല്കിയ അഭിമുഖത്തില്‍ ജാക്ലിന് പറഞ്ഞിരുന്നു. അതേസമയം തന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണവും ഈ ജനിതക ഘടനയാകാം എന്നാണ് ജാക്ലിന് വിശ്വസിക്കുന്നത്. നിലവില്‍ ജാക്ലിന്റെ നട്ടെല്ലിന്റെ ഭാഗത്ത് തലച്ചോറിലെ ദ്രാവകം നിറഞ്ഞ ഒരു സിസ്റ്റ് (Cyst) കാണപ്പെടുന്നുണ്ട്, ഇത് കാരണം പലപ്പോഴും ജാക്ലിന്റെ ശരീരം മുഴുവന്‍ വിറയല്‍ അനുഭവപ്പെടാറുണ്ട്. കൂടാതെ ഉത്കണ്ഠ, വിഷാദം, സുപ്രാവെന്ട്രിക്കുലാര് ടക്കിക്കാര്ഡിയ (Supraventrivular tachycardia ), എഡിഎച്ച്ഡി(ADHD), കഠിനമായ യോനി വേദന, ഡെര്‍മറ്റൈറ്റിസ് (Dermatitis) , തുടങ്ങിയവയും ജാക്ലിന് നേരിടുന്നു.
തന്റെ സഹോദരങ്ങളെന്ന് ജാക്ലിന് കണ്ടെത്തിയവരിലും സിസ്റ്റുകളും ഉത്കണ്ഠയും, കഠിനമായ എക്സീമ ( Severe Eczema ), വിഷാദം, ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ പ്രശ്നങ്ങള്‍ (Gastrointestinal ) , ഒസിഡി (OCD) എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഈ അസുഖങ്ങള്‍ തങ്ങളുടെ അമ്മയില്‍ നിന്നും ഉണ്ടായതല്ലെന്നും ജാക്ലിന് ഉള്‍പ്പെടെയുള്ളവര്‍ വെളിപ്പെടുത്തുന്നു. വളരെ സങ്കീര്‍ണ്ണമായ ജനിതക തകരാറുകള്‍ ഇവിടെ സംഭവിച്ചിരിക്കാമെന്ന് വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ജനിതക ശാസ്ത്രജ്ഞയും പ്രൊഫസറുമായ ജെന്നിഫര്‍ ബിലോ പറഞ്ഞു. ജാക്ലിനും സഹോദരിയെന്ന് ജാക്ലിന് കണ്ടെത്തിയ ജാമി ലെ റോസും ചേര്‍ന്ന് കുടുംബത്തിലെ മറ്റുള്ളവരെ കണ്ടെത്താന്‍ ഒരു ഫേസ്ബുക്ക് കൂട്ടായ്മ ആരംഭിച്ചിരുന്നു. ഇതുവഴി ഒരു സഹോദരനെയും ഇവര്‍ കണ്ടെത്തി.






