
തിരുവനന്തപുരം : മസാല ബോണ്ട് കേസിലെ ഇഡി സമൻസ് ചോദ്യം ചെയ്ത് വീണ്ടും മുൻ ധനമന്ത്രി തോമസ് ഐസക് കേരള ഹൈക്കോടതിയെ സമീപിച്ചു. ഇഡി അയച്ചിരിക്കുന്ന സമൻസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിന് വിരുദ്ധമാണെന്നാണ് വിമര്‍ശനം. നിയമവിരുദ്ധവും, ഏകപക്ഷീയവുമായ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത് നാളെ ഹൈക്കോടതി പരിഗണിക്കും.
മസാലബോണ്ട് നിയമപരമാണെന്നും ഇഡി ഭയപ്പെടുത്താൻ നോക്കേണ്ടെന്നുമായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. കിഫ്ബിക്കായി ധനസമാഹരണത്തിനു വേണ്ടി മസാല ബോണ്ട് വാങ്ങിയതിൽ നിയമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അന്വേഷണം തുടങ്ങിയത്.അന്വേഷണത്തിന്റെ ഭാഗമായി തോമസ് ഐസക്കിന് മുമ്പും നോട്ടീസ് നൽകിയെങ്കിലും ഇത് സംബന്ധിച്ച നിയമപോരാട്ടം ഹൈക്കോടതിയിൽ എത്തിയിരുന്നു .
അതേ സമയം ഇ ഡി അന്വേഷണവുമായി കിഫ്ബി സഹകരിക്കുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി ചോദിച്ചു . സമൻസിന് മറുപടി നൽകുകയല്ലേ വേണ്ടതെന്നും അന്വേഷണം വിലക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ക്രിമിനൽ അന്വേഷണമല്ല നടക്കുന്നതെന്നും കിഫ്ബി സഹകരിച്ചാല്‍ കേസ് അന്വേഷണം വേഗം തീര്‍ക്കാന്‍ തയാറാണെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.
എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് കിഫ്ബി ആവര്‍ത്തിച്ചു. ഇ ഡി നല്കിയ ആറ് സമന്‍സുകളും ഒരേ സ്വഭാവമുള്ളതാണ്. കിഫ്ബി ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നേരിട്ട് ഹാജരായി മറുപടി നല്കി എന്നിട്ടും സമന്‍സ് ആവര്‍ത്തിക്കുകയാണെന്നും കിഫ്ബി അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചരുന്നു.






