
മകള്‍ ടി. വീണയ്ക്കെതിരായ ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ െകെകള്‍ ശുദ്ധമാണ്. മകള്‍ക്കെതിരായ ആരോപണം വ്യാജമാണ്. തനിക്കും കുടുംബത്തിനുമെതിരായ തുടരാരോപണങ്ങളുടെ ഭാഗമാണിതും. മകള്‍ ബിസിനസ് തുടങ്ങിയതു ഭാര്യയുടെ പെന്ഷന് തുക ഉപയോഗിച്ചാണെന്നും നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയ്ക്കു മറുപടി പറയവേ മുഖ്യമന്ത്രി വ്യക്തമാക്കി.
നിങ്ങള്‍ ആരോപണമുയര്ത്തൂ. ജനം സ്വീകരിക്കുമോയെന്നു കാണാം- പ്രതിപക്ഷത്തെ മുഖ്യമന്ത്രി വെല്ലുവിളിച്ചു. ഒരാരോപണവും തനിക്കുനേരേ ഏശില്ല. കൊട്ടാരം പോലുള്ള വീടൊന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ കേള്‍ക്കുന്നില്ല. മുമ്പ് ഭാര്യയെക്കുറിച്ചായിരുന്നു ആരോപണങ്ങള്‍. ഇപ്പോള്‍ മകള്ക്കെതിരേയായി. ബിരിയാണിച്ചെമ്പ് സംബന്ധിച്ച വിവാദവും മുഖ്യമന്ത്രി പരാമര്‍ശിച്ചു. എന്നാല്‍, വീണയ്ക്കും എക്സാലോജിക് കമ്പനിക്കുമെതിരേ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
അതിനിടയില്‍ എക്സാലോജിക്കിനെതിരായ ആര്.ഒ.സി. അന്വേഷണം എസ്.എഫ്.ഐ.ഒക്ക് കൈമാറി. കോര്‍പറേറ്റ് മന്ത്രാലയമാണ് ഇതു സംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങളാണ് എസ്.എഫ്.ഐ.ഒ അന്വേഷിക്കുക. വലിയ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷണങ്ങളാണ് എസ്.എഫ്.ഐ.ഒക്ക് സാധാരണ ഗതിയില്‍ കോര്‍പ്പറേറ്റ് മന്ത്രാലയം നല്‍കാറുള്ളത്.
അന്വേഷണം കോര്‍പറേറ്റ് ലോ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമായിരിക്കും നടത്തുക. ആര്.ഒ.സി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും എസ്.എഫ്.ഐ.ഒ. അന്വേഷണ സംഘത്തിന്റെ ഭാഗമാകും. അറസ്റ്റിന് അധികാരമുള്ള അന്വേഷണ ഏജന്‍സിയാണ് എസ്.എഫ്.ഐ.ഒ. എന്നതിനാല്‍ കേസിന്റെ ഗൗരവമേറുകയാണ്. എക്സാലോജിക്കിന് എതിരായ എസ്.എഫ്.ഐ.ഒ. അന്വേഷണ പരിധിയില്‍ കെ.എസ്.ഐ.ഡി.സിയും ഉള്‍പ്പെടും. എക്സാലോജിക്ക് -- സി.എം.ആര്.എല്‍. ഇടപാട് അന്വേഷണവും എസ്.എഫ്.ഐ.ഒയുടെ പരിധിയിലായിരിക്കും.






