ന്യുഡല്‍ഹി: വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് ദിശബോധമേകുന്ന ബജറ്റ് ആണ് ധനകാര്യമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കഴിഞ്ഞ 10 വര്‍ഷക്കാലത്തിനുള്ളില്‍ ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കികൊണ്ടുള്ള പദ്ധതികള്‍ അവതരിപ്പിക്കാനും സാധിച്ചു. ആ പദ്ധതികള്‍ തുടരുമെന്ന പ്രഖ്യാപനമാണ് ഇന്ന് നടത്തിയിരിക്കുന്നത്.
സംസ്ഥാനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി പലിശ രഹിത വായ്പ തുടരുമെന്ന പ്രഖ്യാപനവുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായിട്ടുള്ള ഒരു ബജറ്റാണിത്. കേരളം കടക്കെണിയില്‍ മുങ്ങിനില്ക്കുന്നു, സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നിരിക്കേ അടിസ്ഥാന സൗകര്യ വികസനത്തിന് പലിശ രഹിത വായ്പ തുടരുമെന്ന പ്രഖ്യാപനം കേരളത്തിന് നേട്ടമാണ്. ടൂറിസം മേഖലയിലും പലിശ രഹിത വായ്പയുടെ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സൗരോര്‍ജ പാനലുകള്‍ വഴി ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും സാധാരണക്കാരായ, പ്രത്യേകിച്ച് വൈദ്യുതി ബോര്‍ഡിന്റെ താരിഫ് വര്‍ധന മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് സൗരോര്‍ജ പാനലിലൂടെ ആ ബുദ്ധിമുട്ട് പരിഹരിക്കാനാവും.
പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കുന്നതും സ്ത്രീകള്‍ നയിക്കുന്ന സമ്പദ്വ്യവസ്ഥ എന്ന കഴിഞ്ഞ 10 വര്‍ഷകാലത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതുമായ ബജറ്റാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്കുന്ന ബജറ്റാണിത്. 2047ലെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ദിശാബോധമേകുന്ന ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.






