
കുട്ടനാട് : രാമങ്കരി കുന്നങ്കരി വാഴയിൽ കള്ളുഷാപ്പിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവു മരിച്ചു.രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് മാവൂർ ചെറുപ്പപാറ വീട്ടിൽ വേണുവിന്റെ മകൻ മുരളിയാണ് (37) മരിച്ചത്. കൊട്ടാരക്കര മൈലം പഞ്ചായത്ത് 7–ാം വാർഡിൽ ബംഗ്ലാതറ വീട്ടിൽ ശ്രീക്കുട്ടൻ (24), ഷാപ്പ് ജീവനക്കാരൻ കോട്ടയം കുറിച്ചി പഞ്ചായത്തിൽ 4–ാം വാർഡിൽ മട്ടാഞ്ചേരി വീട്ടിൽ മെവിൻ എം.ജോയ് (27) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ മുരളിയും ശ്രീക്കുട്ടനും സംഭവം നടന്ന ഷാപ്പിൽ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. ചില ദിവസങ്ങളിൽ അവിടെ കിടന്നുറങ്ങാറുമുണ്ട്.
മെബിന്റെ സഹോദരിയെ വിവാഹംകഴിച്ചു നൽകണമെന്നു മുരളി ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ സഹോദരിയെ അസഭ്യം പറഞ്ഞു. അതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. അടിപിടിയായതോടെ ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടനും മെബിനൊപ്പം ചേർന്ന് വിറകുകൊള്ളികൊണ്ട് മുരളിയെ അടിച്ചു നിലത്തുവീണതോടെ ഇരുവരും മുങ്ങിെയന്ന് പോലീസ് പറഞ്ഞു .
പുലർച്ചെ 5 മണിയോടെ ഷാപ്പ് മാനേജർക്കൊപ്പം ഇരുവരും ചേർന്നു മുരളിയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞെത്തിയ രാമങ്കരി പോലീസ് മെബിനെ അറസ്റ്റുചെയ്തു. ഒളിവിൽപ്പോയ ശ്രീക്കുട്ടനെ ശനിയാഴ്ച വൈകീട്ടോടെ റാന്നിയിൽനിന്നാണ് അറസ്റ്റുചെയ്തത്.രാമങ്കരി ഇൻസ്പെക്ടർ ജെ. പ്രദീപ്, എസ്.ഐ. മാരായ സഞ്ജീവ്, മുരുകൻ, എ.എസ്.ഐ. പ്രേംജിത്ത്, റിജോ എന്നിവർ പോലീസ് സഘത്തിലുണ്ടായിരുന്നു.






