
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്കുന്ന നിലപാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സമരത്തില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍. വിശദമായ ചര്‍ച്ച മുഖ്യമന്ത്രി ഉറപ്പാക്കിയ സാഹചര്യത്തില്‍ അവധി സമരത്തില്‍ നിന്നും പിന്മാറുകയാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുകയായിരുന്നു.
എഫ്ഐആര്‍ ഇട്ട് അന്വേഷണം നടക്കുന്ന കേസിലാണ് പ്രതിഷേധം. ഇത് ശരിയല്ലെന്ന് തന്നെ കാണാന്‍ വന്ന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇവര്‍ തീരുമാനം എടുത്തത്.
ഉന്നതോദ്യോഗസ്ഥര്‍ അടക്കം 50 ഐഎഎസുകാരാണ് ഇന്ന് കൂട്ട അവധിയെടുത്ത് സമരം ചെയ്തത്. എന്നാല്‍ ഈ സമരത്തിനെതിരേ മുഖ്യമന്ത്രി പരസ്യമായ നിലപാട് എടുക്കുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരം നടത്തി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി വഴിപ്പെടുത്താമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രതിഷേധം ഗൗരവമായി കാണുന്നെന്നും എന്നാല്‍ സമരം ശരിയായ നടപടിയല്ലെന്നും പിണറായി വിജയന് പറഞ്ഞു.
സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയല്ലാ പ്രതിഷേധം അറിയിക്കാന്‍ വേണ്ടി മാത്രമാണ് സമരമെന്ന് ഐഎഎസുകാര്‍ മുഖ്യമന്ത്രിയെ അറിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് ഇതാദ്യമായിട്ടായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നത്. ബന്ധു നിയമന വിവാദത്തില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്കെതിരേ വിജിലന്‍സ് കേസ് എടുത്തതിന് പിന്നാലെയായിരുന്നു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിന് പോയത്.






